ജയരാജ് തട്ടിയെടുത്ത ആനയും അശ്വവും
ജയരാജ് തട്ടിയെടുത്ത ആനയും അശ്വവും
ആഗസ്ത് 3, 2006
കഥകള്‍ മോഷ്ടിക്കുന്നതും കോപ്പിയടിക്കുന്നതും സിനിമയില്‍ പുതിയ കാര്യമല്ല. എന്നാല്‍ മറ്റൊരാള്‍ നേരത്തെ പ്രഖ്യാപിച്ചതിനു സമാനമായ കഥാപശ്ചാത്തലത്തില്‍ പെട്ടെന്നൊരു സിനിമ തട്ടിക്കൂട്ടുക, അതും സൂപ്പര്‍താരങ്ങളെ വച്ച്. അത് മലയാളത്തിന് അത്ര പരിചിതമല്ലാത്ത രീതിയാണ്.
ജയരാജാണ് ഈ രീതിയുടെ ഉപജ്ഞാതാവ്. ഈ അഭിനവ കലാപരിപാടിയുടെ പേറ്റന്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണോയെന്ന് കണ്ടെത്താന്‍ സിനിമാ ചരിത്രം ചികഞ്ഞുനോക്കേണ്ടിവരും. ഏതായാലും സമീപ കാല മലയാള സിനിമയില്‍ ഇങ്ങനെയൊരു കലാപരിപാടി മറ്റാരും നടത്തിയിട്ടില്ല.
ആറുമാസം മുമ്പെങ്കിലും പ്രഖ്യാപിച്ച പ്രൊജക്ടിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്ത് പ്രജാപതി എന്ന ചിത്രമൊരുക്കിയത്. സിനിമ തുടങ്ങുന്നതിന് മാസങ്ങള്‍ക്കു മുമ്പ് ചിത്രത്തിന്റെ കഥയെയും ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷത്തെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രജാപതി പുറത്തിറങ്ങിയ അതേ സമയത്തു തന്നെ സമാനമായ കഥാപശ്ചാത്തലവുമായി മറ്റൊരു ചിത്രം പുറത്തുവന്നു. സുരേഷ് ഗോപി നായകനായ അശ്വാരൂഢന്‍.
അശ്വാരൂഢന്‍ എന്നൊരു സിനിമ ജയരാജ് ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ആ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ്. ചിത്രം പുറത്തുവന്നപ്പോഴാണ് പ്രജാപതി വേഷം സുരേഷ് ഗോപിയെ കൊണ്ട് കെട്ടിച്ചാല്‍ അത് അശ്വാരൂഢനാവുമെന്ന് പ്രേക്ഷകര്‍ അറിയുന്നത്.
തന്റെ ഈ പുതിയ വിക്രിയ ജയരാജിനു നന്നേ രസിച്ചെന്നാണ് തോന്നുന്നത്. അശ്വാരൂഢന്‍ പുറത്തായിട്ട് ഏറെ കഴിഞ്ഞില്ല, പുതിയ ചിത്രവുമായി ഇതാ ജയരാജ് വീണ്ടുമെത്തുന്നു. ഇത്തവണ താരം ജയറാം. പ്രമേയം ആനക്കഥ. നായകന്‍ ആനക്കമ്പക്കാരന്‍. ചിത്രത്തിന്റെ പേര് ആനച്ചന്തം.
ചിത്രം അനൗണ്‍സ് ചെയ്തതും ഷൂട്ടിംഗ് തുടങ്ങിയതും ഒരുമിച്ചായിരുന്നു. സമാനമായൊരു കഥ ജയറാമിനെ വച്ച് ചെയ്യാന്‍ ലോഹിതദാസ് ആലോചിച്ചിരുന്നു. ലോഹി-ജയറാം ചിത്രം നേരത്തെ അനൗണ്‍സ് ചെയ്തിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ തത്കാലം ആനക്കഥ വേണ്ടെന്നുവയ്ക്കേണ്ടി വന്നിരിക്കുകയാണ് ലോഹിക്ക്.


Click it and Unblock the Notifications