ദേവി അജിത്ത് ഇംഗ്ലീഷ് ചിത്രത്തില്‍
ദേവി അജിത്ത് ഇംഗ്ലീഷ് ചിത്രത്തില്‍
ആഗസ്ത് 04, 2004
മലയാളിയായ സംവിധായകന്‍ ഒരുക്കുകയും മലയാളിയായ നടി നായികയാവുകയും ചെയ്യുന്ന ചിത്രമാണ് ഗ്രേസോണ്‍. ഒരു ഹോളിവുഡ് നടന്‍ ഈ ചിത്രത്തില്‍ നായകനാവുകയും ചെയ്യുന്നു.
പി. എസ്. ശിവരാമന്‍ സംവിധാനം ചെയ്യുന്ന ഗ്രേസോണില്‍ ദേവി അജിത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് നടന്‍ ഹേഗണ്‍ നായകനായി അഭിനയിക്കുന്നു.
കോവളത്തും സിങ്കപ്പൂരിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം രണ്ട് സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികള്‍ക്കിടയിലെ സംഘര്‍ഷങ്ങളുടെ കഥയാണ് പറയുന്നത്. രണ്ട് കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂവെന്ന പ്രത്യേകയുണ്ട് ഈ ചിത്രത്തിന്.
കേരളത്തിലെത്തിയ ഇംഗ്ലണ്ടുകാരനായ ചാള്‍സിന് ഈ നാടിനോട് അദമ്യമായ അഭിനിവേശമായി. ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന മോഹം അയാളുടെ മനസില്‍ ഉദിച്ചു. കോവളത്തു വച്ചാണ് ചാള്‍സ് സൂസന്‍ എന്നെ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്. ആ ബന്ധം പതുക്കെ വളര്‍ന്നു. അവര്‍ തമ്മില്‍ വിവാഹിതരായി. തുടര്‍ന്നുള്ള ഇരുവരുടെയും ജീവിതം ഇംഗ്ലണ്ടിലായിരുന്നു. പതുക്കെ അവര്‍ തമ്മിലുള്ള ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ആരംഭിച്ചു. ദാസിന്റെ രീതികളുമായി പൊരുത്തപ്പെടാന്‍ സൂസന് കഴിഞ്ഞില്ല. ചാള്‍സിനെ തൃപ്തിപ്പെടുത്താന്‍ അവള്‍ക്ക് പലപ്പോഴും തരംതാഴേണ്ടിവന്നു.
സൂസന്റെ സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ഗ്രേസോണ്‍ ഒരു പരീക്ഷണചിത്രമെന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ. രാജേഷ് നാരായണനാണ്. സംഗീതം പ്രവീണ്‍ദാസ്. സായ്ബാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications