തെലുങ്കിലും മീര തിളങ്ങുന്നു
തെലുങ്കിലും മീര തിളങ്ങുന്നു
ആഗസ്ത് 05, 2004
മലയാളം മീരയുടെ അണിയറക്കഥകള്‍ തേടുമ്പോള്‍, അന്യഭാഷകളില്‍ മീരാ ജാസ്മിന്‍ ആവേശത്തിരയിളക്കുന്നു. മണിരത്നത്തിന്റെ ആയുധ എഴുത്തില്‍ വന്‍കയ്യടി നേടിയ മീര ഇപ്പോള്‍ തെലുങ്കിലും തിളങ്ങുകയാണ്. മീരാ ജാസ്മിന്‍ ഇരട്ടറോളില്‍ പ്രത്യക്ഷപ്പെടുന്ന അമ്മായി ബഗുണ്ടി എന്ന തെലുങ്ക് ചിത്രം ഹിറ്റാണ്.
മീരയുടെ അഭിനയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് തെലുങ്കില്‍ വന്നുകൊണ്ടിരിയ്ക്കുന്നത്. തെലുങ്കിലെ താരസിംഹാസനം മീര കയ്യടക്കുമെന്നും ചിലര്‍ പ്രവചിയ്ക്കുന്നു. അടിപൊളി പെണ്‍ുകുട്ടിയായും അനുസരണയുള്ള വീട്ടമ്മയായും ഇരട്ടവേഷങ്ങളില്‍ മീരയുടെ പ്രകടനം തെലുങ്കിലാകെ സംസാരവിഷയമായിരിക്കുന്നു. അനായാസതയോടെ രണ്ട് റോളുകളും മീര പൂര്‍ണ്ണതയിലെത്തിച്ചു. തമിഴ്ചിത്രമായ പാര്‍ത്ഥിപന്‍ കനവിന്റെ തെലുങ്ക് റീമേക്കാണ് അമ്മായി ബഗുണ്ടി.
ബാലശേഖര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശിവജിയാണ് നായകന്‍. നായകസ്ഥാനത്ത് ശിവജി വേണ്ടത്ര തിളങ്ങാത്തതാണ് ഈ സിനിമ സൂപ്പര്‍ ഹിറ്റാവാതിരുന്നതിന് കാരണമെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാട്ടുസീനുകളിലെ മീരയുടെ നൃത്തവും ഏറെ കയ്യടി നേടുന്നുണ്ട്. സിനിമയിലെ അമ്മായി ബഗുണ്ടി, കൃഷ്ണ കൃഷ്ണ എന്നീ പാട്ടുകള്‍ തെലുങ്കിലെ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ്.
മീരാ ജാസ്മിന്‍ ഇപ്പോള്‍ ഒരു കന്നട ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്കുമാറിന്റെ മകനും കന്നഡയില്‍ സൂപ്പര്‍ താരവുമായ പുനീത് രാജ്കുമാറാണ് നായകന്‍. ഷൂട്ടിംഗ് നടന്നുവരികയാണ്. ഇപ്പോള്‍ മലയാളത്തേക്കാള്‍ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ വന്‍ ഓഫറുകളാണ് മീരയെത്തേടിയെത്തുന്നത്.


Click it and Unblock the Notifications