നവ്യാനായര്‍ നടിയാവുന്നു
നവ്യാനായര്‍ നടിയാവുന്നു
ആഗസ്ത് 08, 2004
രണ്ട് ചിത്രങ്ങളില്‍ നവ്യനായര്‍ നടിയായി തന്നെ അഭിനയിക്കുന്നു. പറയാം എന്ന ചിത്രത്തില്‍ നടി നവ്യാനായരായി തന്നെയാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തില്‍ സ്നേഹ എന്ന സിനിമാതാരമായാണ് അഭിനയിക്കുന്നത്.
സംവിധായകജോഡിയായ അനില്‍ബാബുവിന്റെ ഒടുവിലത്തെ ചിത്രമാണ് പറയാം. ഈ ചിത്രത്തില്‍ നവ്യാനായര്‍ നവ്യാനായരായി തന്നെയാണ് അഭിനയിക്കുന്നത്. ജിഷ്ണു നായകനാവുന്ന ഈ ചിത്രത്തില്‍ ജിഷ്ണുവിനൊപ്പം ഒരു ഗാനരംഗത്തിലാണ് നവ്യ പ്രത്യക്ഷപ്പെടുന്നത്.
ജിഷ്ണുവിന്റെ അച്ഛനായി അഭിനയിക്കുന്ന ലാലു അലക്സ് കാണുന്ന ഒരു സ്വപ്നത്തിലാണ് നവ്യാനായര്‍ പ്രത്യക്ഷപ്പെടുന്നത്. മകന്‍ പ്രേമിച്ചു മാത്രമേ കല്യാണം കഴിക്കാവൂ എന്ന് ശഠിക്കുന്ന ഒരു അച്ഛനാണ് ഈ ചിത്രത്തിലെ ലാലു അലക്സിന്റെ കഥാപാത്രം. കാണുന്ന നല്ല പെണ്‍കുട്ടികളെയൊക്കെ തന്റെ മകന്റെ കാമുകിയായി ഇയാള്‍ സങ്കല്പിച്ചുനോക്കാറുണ്ട്. ഒരിക്കല്‍ നവ്യാനായരെ ഒരു സിനിമയില്‍ കണ്ടപ്പോള്‍ നവ്യ തന്റെ മകന് യോജിച്ച പെണ്‍കുട്ടിയാണല്ലോയെന്ന തോന്നലായി ആ അച്ഛന്. തുടര്‍ന്ന് അയാള്‍ കാണുന്ന സ്വപ്നത്തിലാണ് മകനോടൊപ്പം ആടിപ്പാടുന്ന നവ്യാനായര്‍ പ്രത്യക്ഷപ്പെടുന്നത്.
ഭാവനയാണ് ചിത്രത്തിലെ നായിക. ഗാനരംഗത്തില്‍ മാത്രമായി നവ്യനായര്‍ ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.
രാജസേനന്‍ സംവിധാനം ചെയ്യുന്ന ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തില്‍ സ്നേഹ എന്ന സിനിമാനടിയായാണ് നവ്യ അഭിനയിക്കുന്നത്. ജയസൂര്യയാണ് ഈ ചിത്രത്തിലെ നായകന്‍.
നടീനടന്‍മാര്‍ താരങ്ങളായി പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങള്‍ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്. മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ഖുശ്ബു ഖുശ്ബുവായി തന്നെയാണ് അഭിനയിക്കുന്നത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മനുഅങ്കിള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലും മേഘസന്ദേശത്തില്‍ സുരേഷ്ഗോപിയും താരങ്ങളായി തന്നെ വേഷമിട്ടിട്ടുണ്ട്.
മമ്മൂട്ടി ചിത്രമായ വജ്രത്തില്‍ വസുന്ധരാദാസ് ഒരു സിനിമാനടിയായാണ് വേഷമിട്ടത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തില്‍ നഗ്മ ഒരു സിനിമാനടിയായി അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനാവുന്ന ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു സിനിമാനടനായാണ് അഭിനയിക്കുന്നത്. വസുന്ധരാദാസിനെയും ശ്രീനിവാസനെയും പോലെ ഒരു സിനിമാനടിയായി അഭിനയിക്കുകയാണ് നവ്യാനായര്‍ രാജസേനന്‍ ചിത്രത്തില്‍.


Click it and Unblock the Notifications