ചക്കരപ്പൊട്ടന് ജോഡിയായി കാവ്യ
ചക്കരപ്പൊട്ടന് ജോഡിയായി കാവ്യ
ആഗസ്ത് 8, 2006
ദിലീപും കാവ്യാ മാധവനും ഒരിക്കല്‍ക്കൂടി ഒന്നിക്കുകയാണ്. ഇപ്പോള്‍ മലയാളത്തില്‍ സജീവമായ നായികാനായകന്‍മാരില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചവര്‍ ദിലീപ്-കാവ്യ ജോഡിയാണ്. ദിലീപിന്റെ ഭാഗ്യനായിക കൂടിയായ കാവ്യ ലോഹിതദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വീണ്ടും ദിലീപിനൊപ്പം അഭിനയിക്കുന്നത്.
ചക്കരപ്പൊട്ടന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീരാ ജാസ്മിന്‍ നായികയാവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ലോഹിതദാസ് ചിത്രങ്ങളിലെ സ്ഥിരം നായികയായ മീര ലോഹിയുമായി ഇടക്കാലത്തുണ്ടായ പിണക്കം മറന്ന് അദ്ദേഹത്തിന്റെ ചിത്രത്തില്‍ വീണ്ടും അഭിനയിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ നായികയുടെ പേര് വീണ്ടും മാറിവന്നു.
ലോഹിയുടെ ചിത്രത്തില്‍ ആദ്യമായാണ് കാവ്യാ മാധവന്‍ നായികയാവുന്നത്. ലോഹി ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയില്‍ ബാലനടിയായി കാവ്യ അഭിനയിച്ചിട്ടുണ്ട്.
ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിക്കുന്ന പതിമൂന്നാമത്തെ ചിത്രമായിരിക്കും ചക്കരപ്പൊട്ടന്‍. ലയണ്‍ എന്ന ചിത്രത്തോടെ ദിലീപ്-കാവ്യ ജോഡി ഒരു ഡസന്‍ ചിത്രങ്ങള്‍ തികച്ചിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, തെങ്കാശിപട്ടണം, രാക്ഷസരാജാവ്, മീശമാധവന്‍, തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും, റണ്‍വേ, കൊച്ചിരാജാവ് എന്നിവയാണ് ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.


Click it and Unblock the Notifications