സുന്ദരിയായി ഗീതുമോഹന്‍ദാസ്
സുന്ദരിയായി ഗീതുമോഹന്‍ദാസ്
ആഗസ്ത് 11, 2002
ശേഷത്തിനു ശേഷം രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന സുന്ദരിയില്‍ ഗീതു മോഹന്‍ദാസ് നായികയാവുന്നു.
ലോകസുന്ദരി മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമീണയായ ഒരു സാധാരണ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് സുന്ദരിയുടെ പ്രമേയം മുന്നോട്ടുപോവുന്നത്.
ഗ്രാമത്തിന്റെ ശീലങ്ങളില്‍ നിന്ന് മാറി കോളജില്‍ പഠിക്കാനായി നഗരത്തിലേക്ക് പോയപ്പോള്‍ സുന്ദരി അറിഞ്ഞത് മറ്റൊരു ലോകത്തെയാണ്. കോളജില്‍ അവള്‍ ഒരു പുതിയ ലോകം കണ്ടു.
സുന്ദരിയുടെ കൂട്ടുകാരാണ് ലോകസുന്ദരി പട്ടത്തിനായുള്ള മത്സരത്തിലേക്ക് അവള്‍ തിരഞ്ഞെടുക്കപ്പെടാന്‍ കളമൊരുക്കിയത്. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ മൂന്ന് സോപ്പുകള്‍ വാങ്ങിയാല്‍ മിസ് വേള്‍ഡ് മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുക്കാം! സുന്ദരിയുടെ കൂട്ടുകാര്‍ അവളുടെ പേരില്‍ ഒരു അപേക്ഷ അയച്ചു.
മിസ് വേള്‍ഡ് മത്സരത്തിനായി സുന്ദരി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ലോകത്തിന്റെ ശ്രദ്ധ അവളിലേക്കായി. അവളുടെ ജന്മദേശമായ കാക്കതുരുത്ത് എന്ന ഗ്രാമവും മാധ്യമശ്രദ്ധ നേടി. ആ ഗ്രാമം മറ്റൊരു പ്രദേശമായി മാറുകയായിരുന്നു.
ഈ മാറ്റങ്ങളൊന്നും ഇഷ്ടപ്പെടാത്ത ഒരാളുണ്ടായിരുന്നു- കുമാരന്‍. സുന്ദരിയുടെ കളിക്കൂട്ടുകാരന്‍. പക്ഷേ തന്റെ അതൃപ്തിക്കു പുറത്ത് ഗ്രാമം മറ്റൊന്നാവുന്നത് കുമാരന് കാണേണ്ടിവന്നു.
ഗീതു മോഹന്‍ദാസാണ് സുന്ദരിയാവുന്നത്. പുതുമുഖം അനൂപ് കുമാരനെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, മണിയന്‍പിള്ള രാജു, രാജന്‍ പി ദേവ്, ടി. പി. മാധവന്‍, പി. ബാലചന്ദ്രന്‍, നന്ദകുമാര്‍, ബിന്ദു പണിക്കര്‍, പ്രിയങ്ക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരക്കഥ രചിച്ചിരിക്കുന്നത് രാജീവ് കുമാര്‍ തന്നെയാണ്. ക്യാമറ രാജീവ് രവി. കലാസംവിധാനം പ്രകാശ് മൂര്‍ത്തി.


Click it and Unblock the Notifications