»   » പ്രദീപിന്റെ മേല്‍വിലാസം ശരിയാണ്

പ്രദീപിന്റെ മേല്‍വിലാസം ശരിയാണ്

Posted By:
Subscribe to Filmibeat Malayalam

പ്രദീപിന്റെ മേല്‍വിലാസം ശരിയാണ്
ആഗസ്ത് 12, 2003

ഇംഗ്ലീഷ് മീഡിയത്തിന് ശേഷം പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മേല്‍വിലാസം ശരിയാണ്. വിനീത്കുമാറാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുചിത നായികയാവുന്നു.

നന്ദു എന്ന കഥാപാത്രത്തെയാണ് വിനീത്കുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കലാകാരന്‍മാര്‍ക്കായി ബിസിനസ്മാനായ കെ. പി. മേനോന്‍ ഉണ്ടാക്കിയ കലാകുടീരത്തില്‍ എത്തുന്ന യുവാവാണ് നന്ദു.

കലയില്‍ അഭിരുചിയുണ്ടായിരുന്നെങ്കിലും ബിസിനസിന്റെ തിരക്കുകള്‍ക്കിടയില്‍ തന്നിലെ വാസനയെ പരിപോഷിപ്പിക്കാന്‍ മേനോന് കഴിഞ്ഞിരുന്നില്ല. തനിക്ക് നഷ്ടപ്പെട്ടത് തന്റെ മകള്‍ക്ക് കിട്ടണമെന്ന മോഹത്തോടെയാണ് മേനോന്‍ കലാകുടീരം പണികഴിപ്പിച്ചത്. പ്രശസ്തരായ കലാകാരന്‍മാര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. അവര്‍ മേനോന്റെ മകള്‍ ഗീതുവിനെ പഠിപ്പിക്കണം.

കലാകാരന്‍മാരെന്ന് പറഞ്ഞ് കലാകുടീരത്തിലെത്തിയവരെല്ലാം കള്ളനാണയങ്ങളായിരുന്നു. അവര്‍ക്കിടയിലേക്കാണ് നന്ദു എന്ന യുവാവ് കടന്നുവന്നത്. യഥാര്‍ഥത്തില്‍ അയാള്‍ കടന്നുവന്നത് ഗീതുവിന്റെ ജീവിതത്തിലേക്ക് തന്നെയായിരുന്നു.

ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, പ്രേമചന്ദ്രന്‍, കല്പന, സുധീഷ്, അഞ്ജു അരവിന്ദ്, ജിജോ, സുബൈര്‍, രവി വള്ളത്തോള്‍, കാര്‍ത്തിക, ഗീത എസ്. നായര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഹരിദാസ് കരിവള്ളൂരിന്റേതാണ് കഥ. തിരക്കഥയും സംഭാഷണങ്ങളും ശത്രുഘ്നന്‍ രചിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ശ്രീറാം സംഗീതം പകരുന്നു. ഛായാഗ്രഹണം എം. ഡി. സുകുമാരന്‍.

ആര്‍. പി. ജി. പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം യൂണിവേഴ്സല്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X