അഭിപ്രായവ്യത്യാസം: ചക്രം മുടങ്ങി
അഭിപ്രായവ്യത്യാസം: ചക്രം മുടങ്ങി
ആഗസ്ത് 13, 2001
അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി. ജോണി സാഗരിക നിര്‍മ്മിച്ച് കമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യ ഷെഡ്യൂളിനു ശേഷമാണ് മുടങ്ങിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നൈയില്‍വച്ച് പൂജയും റെക്കോര്‍ഡിംഗും നടന്ന ചിത്രം മാര്‍ച്ച് അവസാനത്തോടെ പൊള്ളാച്ചിയില്‍വച്ച് ചിത്രീകരണം തുടങ്ങി. എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ അണിയറപ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ചിത്രീകരണം മുന്നോട്ടുകൊണ്ടു പോകാന്‍ കഴിഞ്ഞില്ല.
മോഹന്‍ലാലിനൊപ്പം ദിലീപും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖം വിദ്യ ബി. അയ്യരാണ് നായിക. ലോഹിതദാസ് ആണ് തിരക്കഥാകൃത്ത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമക്ക് ജീവിതഗന്ധിയായ ഒരു കഥ എന്ന നിലയ്ക്കായിരുന്നു എല്ലാവരും ഈ കമല്‍-ലോഹിതദാസ്-മോഹന്‍ലാല്‍ ഒത്തുചേരലിനെ കണ്ടിരുന്നത്.
തിരക്കഥയില്‍ മാറ്റം വേണമെന്ന ചിലരുടെ നിര്‍ബന്ധമാണത്രെ ചിത്രീകരണം മുടങ്ങുന്നതില്‍ എത്തിച്ചത്. തന്റെ തിരക്കഥയില്‍ ഒരു മാറ്റവും വരുത്താന്‍ ലോഹിതദാസ് തയ്യാറാകാഞ്ഞതോടെ നിര്‍മ്മാതാവായ ജോണി സാഗരിക തന്നെ മുന്നിട്ടിറങ്ങി. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനകം തന്നെ ഒന്നേകാല്‍ കോടി രൂപ ചെലവാക്കിക്കഴിഞ്ഞ നിര്‍മ്മാതാവ് ഏതു വിധേനയും ചിത്രം പൂര്‍ത്തീകരിക്കാനുളള തത്രപ്പാടിലാണ് ഇപ്പോള്‍.


Click it and Unblock the Notifications