twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യന്‍-ശ്രീനീ വീണ്ടും; ജയറാം നായകന്‍

    By Staff
    |

    സത്യന്‍-ശ്രീനീ വീണ്ടും; ജയറാം നായകന്‍
    ആഗസ്ത് 13, 2002

    നരേന്ദ്രന്‍ മകന്‍ ജയരകാന്തന്‍ വക എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ജയറാമാണ് ചിത്രത്തിലെ നായകന്‍.

    തമിഴ് നടി സൗന്ദര്യ നായികയാവുന്നു. ആദ്യമായാണ് സൗന്ദര്യ മലയാളത്തില്‍ അഭിനയിക്കുന്നത്.

    ലോഹിതദാസിന്റെ തിരക്കഥയില്‍ ചെയ്യാനുദ്ദേശിച്ചിരുന്ന ചിത്രം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സത്യന്‍ അന്തിക്കാട് ശ്രീനിവാസനുമായി ചേര്‍ന്ന് പുതിയ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല.

    ഗ്രാമത്തില്‍ നിന്ന് മാറി സത്യന്‍ നഗരത്തിലെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. സത്യന് വേണ്ടി ശ്രീനിവാസന്‍ രചിച്ചിരിക്കുന്ന തിരക്കഥ വളരെ വ്യത്യസ്തവുമാണ്.

    വിവാഹം ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്ന സ്ത്രീ പുരുഷന്മാരുടെ കഥയാണ് സത്യനും ശ്രീനിയും പുതിയ ചിത്രത്തിലൂടെ പറയുന്നത്. കേരളത്തിലെ നഗരങ്ങളില്‍ അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചു ജീവിക്കുന്നത് അസാധാരണമല്ലാതായി തീര്‍ന്നിട്ടുണ്ടെങ്കിലും തുറന്ന അത്തരം സ്ത്രീപുരുഷ ബന്ധങ്ങള്‍ സിനിമയ്ക്ക് ഏറെയൊന്നും പ്രമേയമായിട്ടില്ല. വി. കെ. പ്രകാശിന്റെ പുനരധിവാസത്തിലാണ് ഇത്തരം ബന്ധം ആദ്യമായി പ്രമേയമായത്.

    ജോലിയുമായി ബന്ധപ്പെട്ട് ചൈന്നൈയില്‍ എത്തിയവരാണ് രാമാനുജനും ജ്യോതികയും. ഇരുവരും എഞ്ചിനീയര്‍മാരാണ്. രാമാനുജന്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയര്‍. ജ്യോതിക സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍.

    നഗരത്തില്‍ വെച്ച് പരിചയപ്പെട്ട ബന്ധം മാത്രമേ അവര്‍ തമ്മിലുള്ളൂവെങ്കിലും അവര്‍ താമസിക്കുന്നത് ഒരേ ഫ്ലാറ്റിലാണ്. ഒരു വീടിന്റെ മതിലുകള്‍ക്കുള്ളില്‍ സുഹൃത്തുക്കളായി മാത്രം ജീവിക്കുന്ന ആണും പെണ്ണുമാണ് അവര്‍. അതിര്‍വരമ്പുകളില്ലാത്ത ഒരു പ്രത്യേകതരം സൗഹൃദം.

    എങ്കിലും സമൂഹം ഏറെയൊന്നും അംഗീകരിക്കാത്ത ആ ജീവിതത്തിനിടയില്‍ ഇരുവര്‍ക്കും ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. അവരുടെ ജീവിതം കടന്നുപോകുന്ന വഴിത്തിരിവുകളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

    രാമാനുജനെ ജയറാമും ജ്യോതിയെ സൗന്ദര്യയും അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍, ഇന്നസെന്റ്, നെടുമുടി വേണു, ടി. പി. മാധവന്‍, ജയിംസ്, ബീന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകരുന്നു. ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം വിപിന്‍മോഹന്‍. എഡിറ്റിംഗ് കെ. രാജഗോപാല്‍.

    ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X