ദിലീപിന് വീണ്ടും ജൂലൈ ഭാഗ്യം
ദിലീപിന് വീണ്ടും ജൂലൈ ഭാഗ്യം
ആഗസ്ത് 14, 2006
ഈ പറക്കുംതളിക, മീശ മാധവന്‍, സിഐഡി മൂസ എന്നീ സൂപ്പര്‍ഹിറ്റുകള്‍ ദിലീപിന് ജൂലൈ കൊണ്ടുവന്ന ഭാഗ്യങ്ങളായിരുന്നു. തന്റെ ജന്മമാസമായ ജൂലൈ തന്റെ ഭാഗ്യമാസം കൂടിയാണെന്ന് ദിലീപ് വിശ്വസിക്കുന്നു. ബോക്സോഫീസില്‍ തണുത്ത പ്രതികരണം നല്‍കുന്ന മാസങ്ങളിലൊന്നായിട്ടും ആ വിശ്വാസത്തെ ജൂലൈ ശരിവച്ചിട്ടുണ്ട്.
കൊച്ചിരാജാവ്, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങളും ജൂലൈയിലാണ് റിലീസ് ചെയ്തത്. ആ ചിത്രങ്ങളും ദിലീപിനെ ചതിച്ചില്ല. ഇത്തവണ ജൂലൈയിലെത്തിയ ചെസ് ആകട്ടെ സൂപ്പര്‍ഹിറ്റാണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതെ, ജൂലൈ വീണ്ടും ദിലീപിന് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നു.
ജൂലൈയില്‍ റിലീസ് ചെയ്ത ചെസ് ദിലീപിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയമാണ്. ദിലീപിന്റെ ലയണ്‍ ഹിറ്റ്ചിത്രങ്ങളുടെ ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചെങ്കിലും വിഷുച്ചിത്രം പച്ചക്കുതിര വലിയ വിജയമായിരുന്നില്ല. എന്നാല്‍ ചെസ്സിന്റെ വിജയത്തിലൂടെ ജൂലൈ ഒരിക്കല്‍ക്കൂടി ദിലിപീന് ഭാഗ്യമാസമായി.
കാലവര്‍ഷം കനക്കുന്ന മാസമാണെങ്കിലും സൂപ്പര്‍താരചിത്രങ്ങള്‍ മത്സരത്തിനില്ലാത്തത് ചെസ്സിനെ തുണച്ചു. മോഹന്‍ലാല്‍ ചിത്രമായ കീര്‍ത്തിചക്രയ്ക്കു ഒരു മാസം മുമ്പേ ചെസ് റിലീസ് ചെയ്യാന്‍ കഴിഞ്ഞത് ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തെ ഏറെ സഹായിച്ചിട്ടുണ്ട്.


Click it and Unblock the Notifications