twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ പ്രതീക്ഷ നരനില്‍

    By Staff
    |

    മോഹന്‍ലാലിന്റെ പ്രതീക്ഷ നരനില്‍
    ആഗസ്ത് 15, 2005

    ഉദയനാണ് താരത്തിലൂടെ മോഹന്‍ലാല്‍ നടത്തിയത് വലിയൊരു തിരിച്ചുവരവാണ്. എന്നാല്‍ ചന്ദ്രോത്സവത്തിലും ഉടയോനിലുമെത്തിയപ്പോള്‍ ആ തിരിച്ചുവരവിന്റെ ആഘോഷം പൊലിഞ്ഞുപോകുന്നതാണ് കണ്ടത്. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ മോഹന്‍ലാലിന്റെ താരപ്രഭയിലാണ് മങ്ങലേല്പിച്ചിരിക്കുന്നത്.

    തങ്ങളുടെ പ്രിയപ്പെട്ട ലാല്‍ തിരിച്ചെത്തിയെന്ന് എല്ലാ തരം പ്രേക്ഷകരെയും ഒറ്റസ്വരത്തില്‍ പറയിക്കാന്‍ കഴിഞ്ഞതാണ് ഉദയനാണ് താരത്തിന് മലയാളചിത്രങ്ങളുടെ വിജയചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞതിന്റെ ഒരു കാരണം. ബാലേട്ടന് ശേഷം മോഹന്‍ലാലിന് കിട്ടിയ ഈ സൂപ്പര്‍ഹിറ്റ് മലയാളത്തിലെ ഏറ്റവും ജനപ്രിയനായ നടന് വീണ്ടും പ്രേക്ഷക മനസ് കീഴടക്കാന്‍ കഴിയുന്നതിന്റെ ഉത്തമസാക്ഷ്യമായി. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ കൂട്ടത്തിലേക്ക് ഉദയന്‍ ഉയര്‍ന്നതോടെ മോഹന്‍ലാല്‍ എന്ന നടന്‍ ആഘോഷിക്കപ്പെടുകയായിരുന്നു.

    ഈ വര്‍ഷം മലയാളത്തിലിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച പ്രകടനവും മോഹന്‍ലാലിന്റേതായിരുന്നു. തന്റെ ജീവിതലക്ഷ്യം നിറവേറ്റാന്‍ പരിശ്രമിക്കുന്ന ഉദയന്‍ എന്ന സംവിധായകന് ജീവന്‍ നല്‍കിയ മോഹന്‍ലാല്‍ ഗംഭീരമായ അഭിനയമാണ് കാഴ്ച വച്ചത്. തന്റെ സ്ഥിരം മാനറിസങ്ങള്‍ക്ക് അവധി നല്‍കി വളരെ നിയന്ത്രിതമായ ശരീരഭാഷയിലൂടെ മോഹന്‍ലാല്‍ ഉദയനെ പ്രേക്ഷക മനസിലെ താരമാക്കി. ഇതാ നമ്മുടെ പഴയ ലാലേട്ടന്‍ എന്ന് എല്ലാത്തരം പ്രേക്ഷകരും പറയും വിധം മിതത്വമാര്‍ന്ന ജീവസ്സുറ്റ പ്രകടനമായിരുന്നു ലാലിന്റേത്.

    എന്നാല്‍ ഉദയന്‍ നേടിയ മഹാവിജയത്തിന്റെ ആരവമടങ്ങുന്നതിനിടെയെത്തിയ ചന്ദ്രോത്സവം എന്ന വിഷു ചിത്രം പരാജയമായി. ഭേദപ്പെട്ട ചിത്രമല്ലാതിരുന്നിട്ടും വിഷുവിന് റിലീസ് ചെയ്ത ദിലീപിന്റെ കൊച്ചിരാജാവ് പോലും ബോക്സോഫീസില്‍ ശരാശരി വിജയം നേടിയപ്പോള്‍ ചന്ദ്രോത്സവം നിര്‍മാതാവിന് നഷ്ടം വരുത്തിവച്ചു. ചിത്രം പരാജയപ്പെട്ടതോടെ സംവിധായകനായ രഞ്ജിത്താകട്ടെ പുതിയൊരു ചിത്രം ഇനി നീണ്ട ഇടവേളക്കു ശേഷം മതിയെന്നുറപ്പിച്ച് സംവിധാന രംഗത്തു നിന്നും തത്കാലം മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

    ചന്ദ്രോത്സവത്തിന്റെ പരാജയത്തിന്റെ കോട്ടം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടയോന്‍ തിയേറ്ററുകളിലേത്തിയത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെ തകര്‍ക്കുകയായിരുന്നു ഈ ഭദ്രന്‍ ചിത്രവും. ഒറ്റവാക്കില്‍ അസഹ്യം എന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ ഈ ചിത്രവും പരാജയപ്പെട്ടു. അതേ സമയം ഉടയോന്‍ റിലീസ് ചെയ്തതിന്റെ തൊട്ടടുത്തയാഴ്ച തിയേറ്ററുകളിലെത്തിയ ഭരത്ചന്ദ്രന്‍ ഐപിഎസ് വന്‍വിജയമാണ് നേടിയിരിക്കുന്നത്. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും നൂറ് ശതമാനം കളക്ഷനുമായി മുന്നേറുന്ന ഈ ചിത്രം ബോക്സോഫീസില്‍ ഉടയോനേക്കാള്‍ ഏറെ മുന്നിലാണ്.

    ദിലീപിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ വിജയം നേടിയപ്പോള്‍ അവയുമായി മത്സരിക്കാനാവാതെ പരാജയം നേരിടേണ്ടി വന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ മെഗാതാരത്തിന്റെ കരിയറില്‍ വല്ലാതെ മങ്ങലേല്പിച്ചിട്ടുണ്ട്. ഉദയന്റെ വിജയത്തിന്റെ പകിട്ടെല്ലാം ഈ പരാജയങ്ങളിലൂടെ നഷ്ടമായി.

    ജോഷി സംവിധാനം ചെയ്യുന്ന നരനിലാണ് ഇനി മോഹന്‍ലാലിന്റെ പ്രതീക്ഷ. ഈ ചിത്രത്തിലൂടെ മറ്റൊരു തിരിച്ചുവരവാണ് മോഹന്‍ലാല്‍ ലക്ഷ്യമിടുന്നത്. രണ്ട് പരാജയങ്ങളുടെ കോട്ടം തീര്‍ക്കാന്‍ ഈ ചിത്രത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം വിജയസാധ്യതകള്‍ കണക്കുകൂട്ടാവുന്ന ഒരു കഥാപാത്രവും കഥാന്തരീക്ഷവുമാണ് ഈ ചിത്രത്തില്‍.

    മീശ മാധവന്‍, മനസിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. പ്രേക്ഷകരുടെ അഭിരുചിക്കൊത്ത് രംഗങ്ങളൊരുക്കാനും സംഭാഷണങ്ങളെഴുതാനും കഴിവുള്ള തിരക്കഥാകൃത്താണ് താനെന്ന് ഇതിനകം തെളിച്ചയാളാണ് രഞ്ജന്‍.

    മോഹന്‍ലാല്‍ പ്രേക്ഷകരുടെ മനസറിഞ്ഞ് ഒരു കഥാപാത്രം ഒരുക്കാന്‍ രഞ്ജന് സാധിച്ചിട്ടുണ്ട്. ഗ്രാമാന്തരീക്ഷത്തിലെ ഹീറോയിസത്തിന്റെ പ്രതീകമായ മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന് നായകനായി നിറഞ്ഞുനില്‍ക്കാന്‍ എല്ലാ ചേരുവകളോടെയും ഒരുക്കിയിരിക്കുന്ന കഥാപാത്രമാണ്. ഇത്തരം മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ വന്‍സ്വീകരണമാണ് നല്‍കിയിരിക്കുന്നതെന്നത് എന്നതാണ് ചിത്രം സൂപ്പര്‍ഹിറ്റാവുമെന്ന പ്രതീക്ഷക്ക് അടിസ്ഥാനം. ഗ്രാമാന്തരീക്ഷത്തിലെ ശക്തമായ കഥയുടെ പിന്‍ബലവും ചിത്രത്തിന്റെ വിജയമുറപ്പിക്കാമെന്ന പ്രതീക്ഷക്ക് നിറവ് പകരുന്നു.

    ഉദയന്റെ വിജയം പോലെ ആഘോഷിക്കപ്പെടുന്ന ബോക്സോഫീസ് പ്രകടനം ഓണത്തിലെത്തുന്ന നരന്‍ സാധ്യമാക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രതീക്ഷകര്‍ അവകാശപ്പെടുന്നത്. ഇനി മോഹന്‍ലാലിന്റെ പ്രതീക്ഷ ഈ ഓണച്ചിത്രത്തിലാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X