twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിയുടെ തിരക്കഥകളില്ലായിരുന്നെങ്കില്‍...

    By Staff
    |

    രഞ്ജിയുടെ തിരക്കഥകളില്ലായിരുന്നെങ്കില്‍...
    ആഗസ്ത് 16, 2005

    പടുകുഴിയില്‍ വീണ ജീവിതത്തില്‍ നിന്ന് ഒരു തിരിച്ചുകയറ്റമാണെന്നാണ് ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെയുള്ള തിരിച്ചുവരവിനെ സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്. മൂന്ന് വര്‍ഷത്തോളം വിസ്മൃതിയിലെന്ന പോലെ കഴിയേണ്ടി വന്ന ഒരു നടന് ഇതുപോലൊരു തിരിച്ചുവരവ് നടത്താനാവുമെന്ന് ആരും കരുതിയിരുന്നതല്ല. ഈ തിരിച്ചുവരവിന് സുരേഷ്ഗോപി ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നത് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരോടാണ്.

    സുരേഷ് ഗോപിയെ നായകനാക്കി മുന്‍നിര സംവിധായകരാരും ഒരു ചിത്രമൊരുക്കാന്‍ തയ്യാറാകാത്ത സ്ഥിതിയിലാണ് രഞ്ജി പണിക്കര്‍ അതിനുള്ള ധൈര്യം കാട്ടിയത്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ കരിയറില്‍ നിര്‍ണായകമായ ചിത്രത്തില്‍ സുരേഷ് ഗോപിയെ നായകനാക്കാന്‍ അദ്ദേഹം തയ്യാറായി. ആ ചിത്രം നിര്‍മിക്കാനും രഞ്ജി തന്നെ പണമിറക്കി. എല്ലാ അര്‍ഥത്തിലും അതൊരു ചൂതാട്ടമായിരുന്നു. ഫീല്‍ഡില്‍ നിന്നു പുറത്തായെന്ന് ഏവരും വിധിയെഴുതിയ ഒരു നടനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുകയും അത് നിര്‍മിക്കുകയും ചെയ്യുക എന്ന ചൂതാട്ടത്തില്‍ ഒടുവില്‍ രഞ്ജി വന്‍വിജയം നേടിയെന്നാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്കു കാരണം തിയേറ്ററുകളില്‍ അഞ്ചു ആറും പ്രദര്‍ശനങ്ങള്‍ നടത്തുന്ന ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

    സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് തിരക്കഥ രചിക്കുകയും സംവിധാനം ചെയ്യുകയും എന്ന റിസ്കിന് പുറമെയാണ് ചിത്രം നിര്‍മിക്കുക എന്ന ബാധ്യത കൂടി രഞ്ജി ഏറ്റെടുത്തത്. സുരേഷ് ഗോപിയെ നായകനാക്കിയുള്ള ഒരു ബിഗ് ബജറ്റ് ചിത്രത്തിന് പണമിറക്കാന്‍ പ്രമുഖ നിര്‍മാതാക്കളാരും തയ്യാറാവുന്നില്ലെന്നതിനാലാണ് നിര്‍മാണം കൂടി രഞ്ജി തന്നെ നിര്‍വഹിച്ചത്. ഈ ചങ്കൂറ്റത്തിന് സുരേഷ് ഗോപി തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നത് രഞ്ജി പണിക്കരോടു മാത്രമാണ്.

    യഥാര്‍ഥത്തില്‍ സുരേഷ് ഗോപിക്ക് രഞ്ജി പണിക്കരോടുള്ള കടപ്പാട് വളരെ പഴക്കം ചെന്നതാണ്. കാരണം മുന്‍നിര നടനായി വളര്‍ന്നതിനു ശേഷമുള്ള സുരേഷ് ഗോപിയുടെ കരിയര്‍ തന്നെ രഞ്ജി പണിക്കര്‍ മുതല്‍ രഞ്ജി പണിക്കര്‍ വരെയെന്ന് അടയാളപ്പെടുത്താം. സുരേഷ് ഗോപിക്ക് സൂപ്പര്‍താരത്തിന്റെയും ആക്ഷന്‍ഹീറോയുടെയും പട്ടങ്ങള്‍ ചാര്‍ത്തിക്കിട്ടിയത് രഞ്ജി പണിക്കര്‍ എഴുതിയ ചിത്രങ്ങളിലൂടെയാണ്. ഇപ്പോള്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നതും രഞ്ജി പണിക്കര്‍ ചിത്രത്തിലൂടെ.

    തലസ്ഥാനം എന്ന ചിത്രത്തിലൂടെയാണ് രഞ്ജി പണിക്കരും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം ഹിറ്റായതോടെ മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകള്‍ തീര്‍ക്കുന്ന ഒരു ടീം രൂപപ്പെടുകയായിരുന്നു.

    രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ സൂപ്പര്‍ഹിറ്റായതോടെ സുരേഷ് ഗോപി സൂപ്പര്‍താര പദവിയിലേക്ക ചുവടുവയ്ക്കുകയായിരുന്നു. രഞ്ജി പണിക്കരുടെ ചടുലമായ ഡയലോഗുകളില്‍ സുരേഷ് ഗോപി നടത്തുന്ന തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രേക്ഷകര്‍ കൈയടിയും ആരവങ്ങളുമായി എതിരേറ്റു. മാഫിയ, കമ്മിഷണര്‍ എന്നീ ചിത്രങ്ങളിലും ഷാജി കൈലാസ്-രഞ്ജി പണിക്കര്‍-സുരേഷ് ഗോപി ടീം സൂപ്പര്‍ഹിറ്റിന്റെ ഫോര്‍മുല വിജയകരമായി പിന്തുടര്‍ന്നു. രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രങ്ങള്‍ സുരേഷ് ഗോപിയെ മലയാളത്തിലെ മൂന്നാമത്തെ സൂപ്പര്‍താരമെന്ന സ്ഥാനത്ത് പ്രതിഷ്ഠിച്ചു.

    പിന്നീട് ഷാജി കൈലാസ് സുരേഷ് ഗോപിയുമായി വേര്‍പിരിഞ്ഞെങ്കിലും രഞ്ജി പണിക്കര്‍-സുരേഷ് ഗോപി ടീം സൂപ്പര്‍വിജയങ്ങള്‍ തുടര്‍ന്നു. സംവിധായകന്‍ മാറിയപ്പോഴും രഞ്ജിയുടെ ഇഷ്ടനായകനായി സുരേഷ് ഗോപി തുടരുകയായിരുന്നു. ജോഷി സംവിധാനം ചെയ്ത രഞ്ജി പണിക്കര്‍-സുരേഷ് ഗോപി ടീമിന്റെ പത്രം, ലേലം എന്നീ ചിത്രങ്ങള്‍ വന്‍വിജയം നേടി. ഭരത്ചന്ദ്രനു മുമ്പ് സുരേഷ് ഗോപിയുടെ ഒടുവിലത്തെ സൂപ്പര്‍ഹിറ്റ് രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയ പത്രം ആയിരുന്നു.

    യഥാര്‍ഥത്തില്‍ രഞ്ജി പണിക്കരുടെ തിരക്കഥകള്‍ മാറ്റിനിര്‍ത്തിയാല്‍ സുരേഷ് ഗോപിയുടെ കരിയറിന്റെ ബാക്കിപത്രമെന്താണ്? രഞ്ജി പണിക്കരുടെ തിരക്കഥയില്ലാതെ ഒരു സൂപ്പര്‍ഹിറ്റ് പോലും സുരേഷ് ഗോപിക്ക് അവകാശപ്പെടാനില്ല. ശരാശരിയില്‍ ഒതുങ്ങിയ ചിത്രങ്ങളുണ്ടായിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റുകള്‍ പിറന്നത് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ മാത്രമാണ്. രഞ്ജി പണിക്കര്‍ ശൈലിയിലുള്ള മറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോഴൊന്നും വന്‍വിജയം നേടാന്‍ സുരേഷ് ഗോപിക്കായിട്ടില്ല. ഇപ്പോള്‍ ഒരു തിരിച്ചുവരവ് നടത്താനും രഞ്ജി പണിക്കര്‍ വേണ്ടിവന്നു.

    മലയാളത്തില്‍ ഒരു തിരക്കഥാകൃത്തിനോട് ഇത്രയേറെ കടപ്പെട്ടിരിക്കുന്ന മറ്റൊരു നടനുണ്ടാവില്ല. രഞ്ജി പണിക്കര്‍ എന്ന തിരക്കഥാകൃത്തിന്റെ തിരക്കഥകള്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ സുരേഷ് ഗോപിയുടെ കരിയര്‍ ശരാശരിയിലും താഴേക്ക് ഒതുങ്ങിപ്പോകുമായിരുന്നു. രഞ്ജി പണിക്കരുടെ ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സുരേഷ് ഗോപിയുടെ സൂപ്പര്‍താര കരിയര്‍ ഏതാണ്ട് വട്ടപൂജ്യമായിരിക്കും.

    ഭരത്ചന്ദ്രന്‍ ഐപിഎസ്സിലൂടെ ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ രഞ്ജി പണിക്കര്‍ക്കും ഇതൊരു തിരിച്ചുവരവാണ്. താന്‍ തിരക്കഥയെഴുതിയ ദുബായ്, പ്രജ എന്നീ ചിത്രങ്ങളുടെ പരാജയം തിരക്കഥാകൃത്തെന്ന നിലയില്‍ രഞ്ജി പണിക്കര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.

    നരന്‍എന്ന പേരില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ രഞ്ജിക്ക് നേരത്തെ പദ്ധതിയുണ്ടായിരുന്നു. മോഹന്‍ലാല്‍ പിന്‍വാങ്ങിയതോടെ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്നാണ് ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രം ചെയ്യാന്‍ രഞ്ജി തീരുമാനിച്ചത്.

    സുരേഷ് ഗോപിയുമായി വേര്‍പിരിഞ്ഞപ്പോഴാണ് രഞ്ജിയുടെ കരിയറില്‍ തിരിച്ചടികളുണ്ടായത്. ദുബായ്, പ്രജ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു നായകര്‍. അവ രണ്ടും ദയനീയമായി പരാജയപ്പെട്ടതോടെ രഞ്ജി പണിക്കര്‍ എന്ന തിരക്കഥാകൃത്തിന്റെ മൂല്യമിടിഞ്ഞു. ആദ്യമായി സംവിധായകന്റെയും നിര്‍മാതാവിന്റെയും കുപ്പായമണിഞ്ഞ് തിരിച്ചുവരവ് നടത്താന്‍ രഞ്ജിക്ക് സുരേഷ് ഗോപിയുമായി വീണ്ടും ഒന്നിക്കേണ്ടിവന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X