കറുപ്പ് അശുഭം; പേര് മാറ്റും
കറുപ്പ് അശുഭം; പേര് മാറ്റും
ആഗസ്ത് 16, 2006
സിനിമക്കാര്‍ പൊതുവെ അന്ധവിശ്വാസികളാണെന്ന് പറയാറുണ്ട്. സിനിമക്ക് പേരിടുന്നതും അത് തിരുത്തുന്നതും മറ്റൊരു പേര് തിരഞ്ഞെടുക്കുന്നതുമൊക്കെ സാധാരണമാണ്. പക്ഷേ അത് അന്ധവിശ്വാസത്തിന്റെ പേരിലാവുമ്പോഴോ?
മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കറുത്ത പക്ഷികള്‍ എന്നാണ് പേര് നിശ്ചയിച്ചിരുന്നത്. ദൈന്യം നിറഞ്ഞ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരുടെ കഥയായതിനാലാണ് ഇത്തരമൊരു പേര് കമല്‍ തിരഞ്ഞെടുത്തത്. പക്ഷേ ജീവിതത്തിന്റെ കറുത്ത മുഖങ്ങളിലേക്ക് കണ്ണോടിക്കുന്ന ചിത്രമായാലും അതെടുക്കുന്നത് ബോക്സോഫീസില്‍ പണം വാരാന്‍ വേണ്ടിയാണല്ലോ. സിനിമ ഓടിയില്ലെങ്കില്‍ പേരു പോലെ സിനിമയെടുത്തവരുടെയും മുഖങ്ങള്‍ക്ക് കറുത്ത ഭാവം പേറേണ്ടിവരും.
പേരില്‍ കറുപ്പ് വരുന്നത് അശുഭകരമാണെന്നാണ് ഇപ്പോള്‍ ഈ സിനിമക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ തോന്നല്‍. അതുകൊണ്ട് അത് മാറ്റാനാണ് ആലോചന.
ബ്ലാക്ക് എന്ന പേരില്‍ ഹിന്ദിയിലും മലയാളത്തിലും സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ആ സിനിമകള്‍ സാമാന്യം നന്നായി ഓടിയിട്ടുമുണ്ട്. അപ്പോള്‍ പിന്നെ കറുത്ത പക്ഷികള്‍ക്കെന്താണ് കുഴപ്പം എന്നൊന്നും ചോദിക്കരുത്. മലയാളത്തിലെ കറുപ്പ് അശുഭകരവും ഇംഗ്ലീഷിലെ കറുപ്പ് ശുഭകരവും ആണെന്നൊക്കെ ഇവര്‍ തട്ടിമൂളിച്ചുകളയും. അത്രയ്ക്കുണ്ട് സിനിമക്കാരെ ഭരിക്കുന്ന അന്ധവിശ്വാസങ്ങള്‍.


Click it and Unblock the Notifications