twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാബയും താണ്ഡവവും കെട്ടുകാഴ്ചകള്‍?

    By Super
    |

    കോടികളുടെ കെട്ടുകാഴ്ചകളുമായി തീയേറ്റുകളിലെത്തിയ രണ്ടു സൂപ്പര്‍താര ചിത്രങ്ങള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായി പരാതി.

    ഇന്ത്യയിലെ തന്നെ ഒരേയൊരു സൂപ്പര്‍സ്റാര്‍ എന്ന വിശേഷണമുളള സ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബാബയും മലയാളത്തിലെ രജനീകാന്ത് എന്ന് കളിയായും കാര്യമായും വിലയിരുത്തപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ താണ്ഡവവുമാണ് ആരാധകരെ നിരാശരാക്കിയത്.

    ബ്ലാക്കില്‍ ടിക്കറ്റെടുത്ത് ബാബ കണ്ട കടുത്ത രജനീകാന്ത് അനുയായി പോലും രണ്ടാം പകുതിയില്‍ തീയേറ്ററിലിരുന്ന് ഉറങ്ങിപ്പോയെന്നറിയുമ്പോള്‍ പടത്തിന്റെ നിലവാരത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. ഭക്തിപ്പടമാണ് ബാബയെന്നത്രേ ആരാധകര്‍ വിലപിക്കുന്നത്. സ്ഥിരമായി ഭക്തിപ്പടങ്ങള്‍ സംവിധാനം ചെയ്യുന്ന രാമനാരായണ്‍ ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍ കുറച്ചു കൂടി നിലവാരമുണ്ടായേനെ എന്നു കളിയാക്കുന്നതും സ്റൈല്‍ മന്നന്റെ ആരാധകര്‍ തന്നെ.

    പാട്ടിന് നിലവാരമില്ല, ഡാന്‍സ് പോര, രജനി പടങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന ആവേശവും ഓളവുമില്ല ഇങ്ങനെ പോകുന്നു പരാതിപ്പട്ടിക. ഏതായാലും നിര്‍മ്മാതാവ് എന്ന നിലയില്‍ രജനിയ്ക്ക് ബാബ നഷ്ടമുണ്ടാക്കില്ല. 10 കോടി മുടക്കിയെടുത്ത ബാബ ഇപ്പോള്‍ തന്നെ 50 കോടിയ്ക്കു മുകളില്‍ വിറ്റുകഴിഞ്ഞു.

    തീയേറ്ററുകള്‍ ആദ്യത്തെ മൂന്നാഴ്ച ഹൗസ് ഫുളളാണ്. അതാണ് വിതരണക്കാരെ വലയ്ക്കുന്നതും. കാരണം രജനിയുമായുളള കരാറനുസരിച്ച് ആദ്യ മൂന്നാഴ്ചത്തെ തീയേറ്റര്‍ വരുമാനം നിര്‍മ്മാതാവിനാണ്. അതിനു ശേഷമാണ് വിതരണക്കാര്‍ക്ക് ചിത്രം വില്‍ക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാല്‍ ബാബയുടെ ജാതകം എന്തായിരിക്കുമെന്ന് ഇപ്പോഴേ തമിഴകത്ത് സംശയമുണര്‍ന്നു കഴിഞ്ഞു.

    കുടുബസദസിന്റെ നെഞ്ചില്‍ ലാലേട്ടന്റെ താണ്ഡവം

    അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അരക്കെട്ടിളക്കിയുളള ആഭാസ നൃത്തങ്ങളും കൊണ്ട് ഓണക്കാലത്ത് കേരളത്തിലെ കുടുംബസദസില്‍ ലാലേട്ടനെക്കൊണ്ട് താണ്ഡവമാടിക്കുകയാണ് ഷാജി കൈലാസ് തന്റെ പുതിയ ചിത്രത്തിലൂടെ.

    ഒന്നാമന്റെ വഴി തന്നെയാവും താണ്ഡവത്തിനുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഒന്നാമനും ഗംഭീരന്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ശേഷം പിന്നീട് അടി പതറുകയായിരുന്നു. ആദ്യ ദിനങ്ങളില്‍ താണ്ഡവവും റെക്കോഡ് കളക്ഷനാണ് നേടിയത്.

    മോഹന്‍ലാലും നെടുമുടിവേണുവും ജഗതിയും ജഗദീഷും സായ് കുമാറും മനോജ് .കെ ജയനുമൊക്കെ ഏറെ ആയാസപ്പെട്ടിട്ടും അഭിപ്രായരൂപീകരണത്തില്‍ താണ്ഡവം പിന്നോക്കം പോകുമ്പോള്‍ ഷാജി കൈലാസിന്റെയും സ്റോക്കു തീര്‍ന്നോയെന്ന സംശയം സ്വാഭാവികം. തകര്‍പ്പന്‍ അഭിപ്രായവും കളക്ഷനുമായി ദീലീപിന്റെ മീശ മാധവന്‍ തകര്‍ത്തോടുമ്പോള്‍ പ്രത്യേകിച്ചും.

    രജനീകാന്ത് ശൈലിയില്‍ മോഹന്‍ലാലിനെ ചിത്രത്തിലുടനീളം അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ക്കു പോലും അരോചകമാകുന്നു. ആറാം തമ്പുരാനു ശേഷം ഷാജി കൈലാസ് സിനിമകളിലെ സ്ഥിരം കാഴ്ചയാകുന്ന അതിഹൈന്ദവതയുടെ കടുംവര്‍ണങ്ങളും ഈ ചിത്രത്തില്‍ ആവോളം കാണാം. ഏറെ പഴകുമ്പോള്‍ എന്തും ചെടിക്കുന്നതു പോലെ ഈ നമ്പരും ലോംഗ് റണ്ണില്‍ ഏല്‍ക്കാനിടയില്ല.

    അരോചകമായി ആവര്‍ത്തിക്കുന്ന അശ്ലീല ദ്വയാര്‍ത്ഥ സംഭാഷണങ്ങളാണ് എന്തോ വലിയ കാര്യമായി അവതരിപ്പിച്ചിരിക്കുന്നത്. ആളെ ചിരിപ്പിക്കാന്‍ ലൈംഗിക ധ്വനിയോടെ സ്ത്രീകളോട് സംസാരിച്ചാല്‍ മതിയെന്നാണ് തിരക്കഥയും സംഭാഷണവും രചിച്ച എസ്. സുരേഷ് ബാബുവിന്റെ ഉളളിലിരുപ്പ്. കുറേ തറടിക്കറ്റുകാര്‍ക്ക് ആര്‍ത്തു ചിരിക്കാനും കൈയടിക്കാനും ഇതു മതിയായിരിക്കും. എന്നാല്‍ കുടുംബസദസുകളുടെ കാര്യമോ? അവരുടെ നെഞ്ചില്‍ കേറിയുളള ഈ താണ്ഡവം അധികകാലം തുടരാമെന്ന് കരുതല്ലേ ലാലേട്ടാ... അയല്‍പക്കത്തെ പയ്യന്റെ ഇമേജുമായി ദിലീപ് ചെക്കന്‍ കയറി വരികയാണ്.

    Read more about: rajanikanth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X