നയന്‍താര തെലുങ്കിലേക്ക്
നയന്‍താര തെലുങ്കിലേക്ക്
ആഗസ്ത് 17, 2005
മീരാ ജാസ്മിനെ പോലെ നയന്‍താരയും മലയാളത്തില്‍ നിന്നും അകലം പാലിക്കുകയാണ്. തമിഴിലെ തിരക്കുകള്‍ക്കിടയില്‍ പുതിയൊരു മലയാള ചിത്രത്തിനും ഡേറ്റ് നല്‍കാന്‍ നയന്‍താര തയ്യാറായിട്ടില്ല.
തസ്കരവീരന്‍, രാപ്പകല്‍ എന്നീ മലയാള ചിത്രങ്ങളില്‍ അടുപ്പിച്ച് അഭിനയിച്ചെങ്കിലും നയന്‍താരയുടെ അടുത്ത മലയാള ചിത്രം ഇനി ഒരു ഇടവേളക്കു ശേഷം മാത്രമായിരിക്കും. ഈ വര്‍ഷം നയന്‍താരയുടെ പുതിയൊരു മലയാള ചിത്രവും റിലീസ് ചെയ്യാന്‍ സാധ്യതയില്ല. പുതിയ മലയാളച്ചിത്രങ്ങളിലൊന്നും നയന്‍താര അഭിനയിക്കുന്നില്ല. മീരാ ജാസ്മിനെ പോലെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം മാതൃഭാഷയില്‍ പ്രത്യക്ഷപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് നയന്‍താരയും.
തമിഴിലെ തിരക്കുകളാണ് മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നയന്‍താരയെ പ്രേരിപ്പിക്കുന്നത്. തമിഴിലെ മുന്‍നിര നടിയായി കഴിഞ്ഞ നയന്‍താരക്ക് അവിടെ ലഭിക്കുന്നത് കനത്ത പ്രതിഫലമാണ്. പ്രതിഫലമാണല്ലോ പ്രധാനം, അതുകൊണ്ടുതന്നെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു പടി കൂടി മുന്നില്‍ നില്‍ക്കുന്ന തെലുങ്കിലേക്കും നയന്‍ കടക്കുകയാണ്.
രജനീകാന്ത് ചിത്രം ചന്ദ്രമുഖിയുടെ സംവിധായകനായ പി.വാസു തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തിലാണ് നയന്‍താര നായികയാവുന്നത്. ചന്ദ്രമുഖിയിലെ നായികാവേഷത്തിലൂടെയാണ് നയന്‍താര തമിഴിലെ ഒന്നാംനിര നടിയായത്. വാസുവിന്റെ ചിത്രത്തിലൂടെ തെലുങ്കിലും നേട്ടം കൊയ്യാം എന്ന പ്രതീക്ഷയിലാണ് നയന്‍.
തമിഴില്‍ മെഗാസ്റാര്‍ രജനീകാന്തിന്റെ ചിത്രത്തില്‍ അഭിനയിച്ച നയന്‍ തെലുങ്കിലും സൂപ്പര്‍താരത്തോടൊപ്പമാണ് വേഷമിടുന്നത്. തെലുങ്കിലെ സൂപ്പര്‍താരം ബാലകൃഷ്ണയാണ് വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍. തമിഴിനു പിന്നാലെ തെലുങ്കും കീഴടക്കാന്‍ ഒരുങ്ങുകയാണ് നയന്‍.
നേരത്തെ രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലേക്ക് നയന്‍താരക്ക് ക്ഷണം ലഭിച്ചിരുന്നു. ഏതായാലും ബോളിവുഡിലേക്ക് കടക്കുന്നതിന് മുമ്പ് തെലുങ്കിന്റെയും നടിയാവുകയാണ് നയന്‍.


Click it and Unblock the Notifications