For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെ വിലക്കും ഭഗവാനേ....

  By Super
  |

  ഫിലിം ചേമ്പറുകാര്‍ നാടു വിട്ടോ? അതോ തിരഞ്ഞെടുപ്പിന്റെ തമ്മില്‍ തല്ലിനിടയില്‍ നാട്ടുവര്‍ത്തമാനങ്ങള്‍ അറിയാത്തതാണോ? കൃത്യം രണ്ടു മാസം മുമ്പ് മുമ്പു വരെ അവരീ ഭൂമി മലയാളത്തിലുണ്ടാക്കിയ പുക്കാറുകള്‍ ഓര്‍ക്കുമ്പോള്‍ ചേമ്പറിന്റെ ഈ മൗനം അസഹ്യമാകുന്നു.

  കാര്യമെന്തെന്നാവും അമ്പരക്കുന്നത്. സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ടിവിയില്‍ മുഖം കാണിച്ചാല്‍ മൂക്കു ചെത്തുമെന്നായിരുന്നു പഴയ വീരവാദം. ജൂലായ് ഒന്നു മുതല്‍ ഇതൊക്കെ എല്ലാവരും അങ്ങ് അനുസരിച്ചോളണം എന്ന കല്‍പനയും മുഴക്കി രാജാപാര്‍ട്ട് കളിച്ച ചേമ്പറുകാര്‍ ഇപ്പോഴെവിടെ എന്നാണ് മാരീചന്‍ ചോദിക്കുന്നത്? അതെ, രാഷ്ട്രീയ നേതാക്കളുടെ ശൈലിയില്‍, കൈ മുറുക്കി മേശമേല്‍ ആഞ്ഞിടിച്ചു തന്നെ.

  കാര്യങ്ങളെക്കുറിച്ച് ഇനിയും സംശയമുണ്ടെങ്കില്‍ ഏഷ്യാനെറ്റ്, സൂര്യ, കൈരളി ചാനലുകളുടെ ഓണപ്പരിപാടികളിലേയ്ക്ക് ഒന്ന് കണ്ണോടിക്കൂ. ഏത് താരമാണ് ഓണ ദിനങ്ങളില്‍ ടിവിയില്‍ ഇല്ലാത്തത്? ഫാസില്‍ പുത്രന്‍ ഷാനു മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ ഓണത്തിന് ടിവിയിലുണ്ട്.

  നടി രഹന, ഹരിശ്രീ അശോകന്‍, മാള അരവിന്ദന്‍, നാദിര്‍ഷാ, ശരത്, ഗായകന്‍ ജയചന്ദ്രന്‍, ദിവ്യ ഉണ്ണി, അഭിരാമി, ജയസൂര്യ മുതല്‍ സാക്ഷാല്‍ സുരേഷ് ഗോപി വരെ ഏഷ്യാനെറ്റിന്റെ വിവിധ ഓണപ്പരിപാടികളില്‍ മുഖം കാണിക്കുന്നുണ്ട്.

  സൂര്യയില്‍ ഫാസില്‍ പ്രത്യക്ഷപ്പെടുന്നത് മകന്‍ ഷാനുവിനെയും കൂട്ടിയാണ്. ജോമോള്‍, കല്‍പന, ഗായകന്‍ ജി. വേണുഗോപാല്‍, പുതുമുഖ താരങ്ങളായ മക്കള്‍ ഇന്ദ്രജിത്തിനും പ്രിഥ്വിരാജിനുമൊപ്പം മല്ലികാ സുകുമാരന്‍, കെപിഎസി ലളിത, പിന്നെ സാക്ഷാല്‍ ഷാജി കൈലാസുമായി അഭിമുഖവും. ഇവരെയൊക്കെ ഓണത്തിന് സൂര്യ വിവിധ സമയങ്ങളിലായി നമ്മുടെ സ്വീകരണമുറിയിലെത്തിക്കുന്നു.

  ഇവര്‍ക്കിത്രയൊക്കെയാകാമെങ്കില്‍ പിന്നെ വേറിട്ട ചാനലിന് എന്തായിക്കൂടാ? ക്യാപ്റ്റന്‍ രാജുവും കുടുംബവും, എസ്. പി. ബാലസുബ്രഹ്മണ്യം, ഉര്‍വശി, സംയുക്താ വര്‍മ്മ, ഇന്ദ്രജിത്ത്, മാള അരവിന്ദന്‍, ശേയുദാസും കുടുംബവും, ദിവ്യാ ഉണ്ണി, പ്രിയദര്‍ശന്‍, ലിസി, ജോമോള്‍, എം. ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര, ദിലീപ്, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, നാദിര്‍ഷാ, ഗീതു മോഹന്‍ദാസ്, നടന്‍ ശ്രീനിവാസന്‍, ഗായകന്‍ ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, നടന്‍ മുരളിയും കുടുംബവും, വിനീത് കുമാര്‍, സുധീഷ്, ഗായിക ചിത്രാ അയ്യര്‍, ജയറാം, പാര്‍വതി, ഗായകന്‍ ജയചന്ദ്രന്‍, ഫാസില്‍, കമല്‍, വാണി വിശ്വനാഥ്, റിയാസ്, കമലഹാസന്‍ എന്നു വേണ്ട ഒരു സിനിമാ താരത്തിന്റെ സര്‍വ പൊലിമയുമുളള പത്മജാ വേണുഗോപാലിന്റെ പാചക പരിപാടി വരെയുമുണ്ട് കൈരളിയില്‍. പിന്നെ പഴയ സ്റേജ് പരിപാടികളില്‍ നിന്ന് മോഹന്‍ലാലിനെയും മമ്മൂക്കയെയും വെട്ടിയെടുത്തും കാണിക്കും. വേറിട്ടതാണല്ലോ ചാനല്‍.

  ചുരുക്കം പറഞ്ഞാല്‍ ഒരു റിമോട്ടും കൈയിലെടുത്ത് ഉത്രാടപ്പുലരിയില്‍ ടിവിയ്ക്കു മുന്നിലിരുന്നാല്‍ ഒരു മാതിരിപ്പെട്ടവനൊന്നും ചതയം വരെ ടിവിയുടെ മുന്നില്‍ നിന്നെഴുന്നേല്‍ക്കില്ല. ദൂരദര്‍ശനും എന്തൊക്കെയോ ഒപ്പിച്ചു കൂട്ടുന്നുണ്ട്. ജിവന്‍ ടിവിയുടെ ഓണാഘോഷങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.

  അപ്പോള്‍ ഓണത്തിന് കുടുംബസദസുകളെ തീയേറ്ററില്‍ പ്രതീക്ഷിക്കേണ്ട. അടിപൊളി വിഭവങ്ങള്‍ ഈ ഓണത്തിന് ചാനലുകള്‍ മത്സരിച്ച് നമ്മുടെ സ്വീകരണമുറിയില്‍ കൊണ്ടെത്തിക്കുകയാണ്. ഇരുന്ന് കണ്ടാല്‍ മതി.

  ഇനി ഓണം പ്രമാണിച്ച് സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഏതൊക്കെയെന്നു നോക്കൂ.ഏഷ്യാനെറ്റില്‍ ആറാം തമ്പുരാന്‍, മിസ്റര്‍ ബട്ട്ലര്‍, ദൈവത്തിന്റെ മകന്‍, വര്‍ണക്കാഴ്ചകള്‍, ഇങ്ങനെ ഒരു നിലാപക്ഷി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍.

  സൂര്യ മോശമാകുന്നതെങ്ങനെ? സത്യമേവ ജയതേ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഫ്രണ്ട്സ്, ഒരാള്‍ മാത്രം, മഴ ശ്രദ്ധ ഇവയാണ് സൂര്യയിലെ സിനിമകള്‍. കൈരളിയാകട്ടെ ഓരോ ദിവസം ഓരോ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ എന്ന് പരസ്യം ചെയ്തിട്ടേ ഉളളൂ. ഏതെന്ന് പറയുന്നില്ല. കഴിഞ്ഞ കൊല്ലം വല്യേട്ടന്‍ കാണിച്ചതു പോലെ അത്ഭുതങ്ങള്‍ വല്ലതും കാണുമായിരിക്കും.

  ഏതായാലും ഈ ഓണത്തിന് സിനിമാ തീയേറ്ററുകളിലേയ്ക്ക് കുടുംബ പ്രേക്ഷകര്‍ എത്താന്‍ സാദ്ധ്യത വളരെ കുറവാണ്. മുക്കിന് മുക്കിന് കേബിള്‍ എത്തിച്ചേര്‍ന്നതിനാല്‍ ബി, സി ക്ലാസ് തീയേറ്ററുകളാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാവുക. നഗരങ്ങളില്‍ ആര്‍ത്തിരമ്പുന്ന(എവിടെ?) യുവസാഗരം തീയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കാം. ചുമ്മാതെയെങ്കിലും.

  എന്നാല്‍ ഗ്രാമപ്രദേശങ്ങളിലെയും ചെറു പട്ടണങ്ങളിലെയും കഥ അതല്ല. പരമാവധി ഒരു വര്‍ഷത്തെ പഴക്കമുളള മലയാള ചിത്രങ്ങളാണ് ഈ തീയേറ്ററുകളില്‍ നാം പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകള്‍ വിരലില്‍ എണ്ണിയെടുക്കാന്‍ പോലും ഇല്ലെന്നിരിക്കെ ജനം ടിവിയുടെ മുന്നില്‍ത്തന്നെയിരിക്കാനാണ് സാധ്യത.

  ഉദാഹരണത്തിന് വന്നു പോയ സൂപ്പര്‍താര ചിത്രങ്ങള്‍ ഒന്നെടുത്തു നോക്കു. ദുബായും പ്രജയും ഒന്നാമനും കാണുന്നതിനെക്കാള്‍ ടിവി പരിപാടി കാണുന്നതു തന്നെ നല്ലതെന്ന് ജനം ചിന്തിക്കില്ലേ. ഓണം പ്രമാണിച്ച് ആരും ശേഷവും ഡാനിയും നെയ്ത്തുകാരനും കാണാന്‍ പോവുകയുമില്ല. ആകെയുളള മീശ മാധവനെ എത്ര തീയേറ്ററില്‍ കാണിക്കാം? ടിവി തുറന്നാല്‍ സിനിമ കാണാം, താരങ്ങളെ അല്ലാതെ കാണാം, പിന്നെ അവരുടെ കുടുംബത്തെ കാണാം, അവരുടെ കുട്ടികളെ കാണാം. ചേമ്പര്‍ സാറെ ആരു വരും തീയേറ്ററുകളില്‍.

  ഇനിയെന്തു ചെയ്യും? നട്ടപ്പാതിരയ്ക്കിറങ്ങി കേബിളൊക്കെ അറുത്തു മുറിക്കുകയാണ് വഴി. കൊച്ചി മുതല്‍ തുടങ്ങട്ടെ. എതിരാളികളുടെ സിനിമയെ കൂവിത്തോല്‍പ്പിക്കാന്‍ പണമെറിഞ്ഞ് ആളെ നിയോഗിക്കുന്ന വേന്ദ്രന്‍മാരൊക്കെയില്ലേ ചേമ്പറിന്റെ ചാക്കില്‍. അവര്‍ക്കിതൊക്കെ നിസാരം.

  എന്നാലും അസഹ്യമാവുകായാണ് ചേമ്പര്‍ മൗനം. ടിവിയില്‍ മുഖം കാണിച്ച എല്ലാവനെയും വിലക്കാമെന്നു വച്ചാല്‍ പിന്നെ സിനിമയിലഭിനയിക്കാന്‍ ചേമ്പറുകാരുടെ വീട്ടുകാരെയും ബന്ധുക്കളെയും മേക്കപ്പിട്ട് നിര്‍ത്തേണ്ടി വരും. അല്ലാതെ എല്ലാരുമുണ്ടല്ലോ ടിവിയില്‍. എന്തായാലും താരങ്ങളുടെ ഈ ഒരുമ മാരീചനിഷ്ടപ്പെട്ടു. ഏതാണ്ടെല്ലാരുമുണ്ട് പല ചാനലുകളിലായി. പുതുമുഖമെന്നോ പഴമുഖമെന്നോ വ്യത്യാസമില്ലാതെ. എന്താവും ചേമ്പര്‍ ചെയ്യാന്‍ പോകുന്നത്? കാത്തിരുന്ന് പാര്‍ക്കലാം.

  Read more about: joshi dileep innocent vinayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X