നയന്‍ വീണ്ടും ജയറാമിന്റെ നായിക
നയന്‍ വീണ്ടും ജയറാമിന്റെ നായിക
ആഗസ്ത് 18, 2004
ജയറാമിനെ നായകനാക്കി സിബി മലയില്‍ ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുന്നു. ഫോര്‍ ദി പീപ്പിളിലൂടെ ശ്രദ്ധേയനായ അരുണ്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നയന്‍താരയുടെ ആദ്യചിത്രമായ മനസ്സിനക്കരെയിലും ജയറാമായിരുന്നു നായകന്‍. മനസ്സിനക്കരെക്ക് ശേഷം ജയറാമും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണിത്. മനസ്സിനക്കരെയില്‍ ജയറാമിന്റെ നായികയായാണ് നയന്‍താര വേഷമിട്ടതെങ്കില്‍ ഈ ചിത്രത്തില്‍ ഭാര്യയായാണ് അഭിനയിക്കുന്നത്. മുസ്ലിം പെണ്‍കുട്ടിയായാണ് നയന്‍താര അഭിനയിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
ജയറാമിന്റെ ഇളയസഹോദരനായാണ് അരുണ്‍ അഭിനയിക്കുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് അരുണിന് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് പിന്‍മാറിയതിനെ തുടര്‍ന്നാണ് അരുണിന് ഈ വേഷം ലഭിച്ചത്.
ഹിന്ദുതീവ്രവാദത്തില്‍ വിശ്വസിക്കുന്ന യുവായാണ് അരുണ്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ജ്യേഷ്ഠനായി അഭിനയിക്കുന്ന ജയറാമിന്റെ ഭാര്യ ഒരു മുസ്ലിം സ്ത്രീയാണ്. ജ്യേഷ്ഠന്റെ ഭാര്യയോട് അനുജന് തോന്നുന്ന വൈരാഗ്യമാണ് ചിത്രത്തിന്റെ പ്രമേയത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്.
ജഗതി ശ്രീകുമാര്‍, നെടുമുടിവേണു, മാമുക്കോയ, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കെ. ഗിരീഷ്കുമാറാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.
മാജിക് വിഷന്റെ ബാനറലില്‍ സലിം, തോമസ് കൊടുവേലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ജലോത്സവത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


Click it and Unblock the Notifications