കനലെരിയുന്ന മനസുമായി ബലരാമന്‍
കനലെരിയുന്ന മനസുമായി ബലരാമന്‍
ആഗസ്ത് 18, 2005
നീറുന്ന പകയുടെ കനലുമായാണ് ബലരാമന്‍ ചിറ്റാഴിക്കല്‍ ഗ്രാമത്തിലെത്തിയത്. പ്രതികാരത്തിന്റെയും രോഷത്തിന്റെയും ഉമിത്തീയെരിയുന്ന മനസുമായി കഴിയുന്ന ബലരാമന് ചിറ്റാഴിക്കലില്‍ പുതിയ അനുഭവങ്ങളാണ് നേരിടേണ്ടിവന്നത്.
ഈറ്റവെട്ടു തൊഴിലാളികളുടെയും വണ്ടിക്കാരുടെയും കേന്ദ്രമാണ് ചിറ്റാഴിക്കല്‍. വര്‍ഷത്തില്‍ ആറു മാസം മാത്രമേ ഇവിടെ സീസണുണ്ടാകൂ. സീസണില്‍ ഗ്രാമം ഏറെ സജീവമാകും. പുതിയ ആളുകള്‍ ഗ്രാമത്തിലെത്തുന്നത് ആ സമയത്താണ്.
ഈറ്റെയെടുക്കാന്‍ ലോറിയുമായി ഡ്രൈവറായ ബലരാമനും ഒരു സീസണിലാണ് അവിടെ എത്തിപ്പെടുന്നത്. അവന്റെ മനസിലെ കനല്‍ ആളിപ്പടരാന്‍ കാരണമായ സംഭവങ്ങള്‍ ആ ഗ്രാമത്തിലുണ്ടായി. ബലരാമന്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.
പരുക്കനായ ബലരാമന് പരുക്കന്‍ രീതികളെ വശമുള്ളൂ. എന്നാല്‍ അവന്റെ മനസില്‍ അല്പമെങ്കിലും ഈര്‍പ്പം പകരാന്‍ ഒരു പെണ്‍കുട്ടിക്ക് കഴിഞ്ഞു. ചിറ്റാഴിക്കലിലെ ജീവിതത്തിനിടയില്‍ എപ്പോഴോ അവന്റെ മനസില്‍ കൂടുകൂട്ടിയ ആ പെണ്‍കുട്ടി അവന്റെ ജീവിതത്തെ സംഭവബഹുലമായ നാളുകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
വിജി തമ്പിയുടെ കനല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥാപാത്രമാണ് ലോറി ഡ്രൈവര്‍ ബലരാമന്‍. മോഹന്‍ലാലിന്റെ അഭിനയസിദ്ധിയും മാനറിസങ്ങളും ചൂഷണം ചെയ്യുന്ന വേഷമാണ് കനലില്‍ തിരക്കഥാകൃത്ത് എസ്.സുരേഷ്ബാബു ഒരുക്കിയിരിക്കുന്നത്. ഈറ്റവെട്ടു തൊഴിലിന്റെ പശാചത്തലത്തില്‍ ഒരു ഗ്രാമത്തിന്റെ ജീവിതം വരച്ചിടുകയാണ് കനലില്‍.
ഗ്രാമാന്തരീക്ഷത്തിലുള്ള പരുക്കന്‍ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ എന്നും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. നരനിലെ മുള്ളന്‍കൊല്ലി വേലായുധനു ശേഷം മോഹന്‍ലാലിന് ലഭിക്കുന്ന അത്തരമൊരു കഥാപാത്രമാണ് ബലരാമന്‍.
പത്മപ്രിയയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത്. വടക്കുംനാഥനു ശേഷം പത്മപ്രിയ മോഹന്‍ലാലിനൊപ്പം വേഷമിടുന്ന ചിത്രമാണിത്. നെടുമുടി വേണു, ജഗതി, ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയ പ്രമുഖതാരങ്ങളും അണിനിരക്കുന്നു.
ഒരു ഇടവേളക്കു ശേഷം സെവന്‍ ആര്‍ട്സ് നിര്‍മിക്കുന്ന ചിത്രമാണിത്. സംഗീതം എം.ജയചന്ദ്രന്‍. ഛായാഗ്രഹണം എസ്.കുമാര്‍.


Click it and Unblock the Notifications