For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മായ : മനക്കരുത്തിന്റെ തിലകം

  By Staff
  |

  മായ : മനക്കരുത്തിന്റെ തിലകം
  ആഗസ്ത് 19, 2002

  സമൂഹത്തിന്റെ വിലക്കുകളെയും നിയന്ത്രണങ്ങളെയും അതിജീവിക്കുന്ന ഒരു വിധവയുടെ മനക്കരുത്തിന്റെ കഥ. അടിമുടി കാപട്യം ഗ്രസിച്ചിരിക്കുന്ന ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച. അതാണ് ശശിമോഹന്റെ പുതിയ ചിത്രമായ തിലകം പറയുന്നത്.

  ജീവിതത്തിന്റെ സര്‍വ സൗന്ദര്യങ്ങളും മതി വരാതെ ആസ്വദിക്കുന്നതിനിടയിലാണ് രഘുവിനെ വിധി മായയില്‍ നിന്നും തട്ടിയെടുത്തത്. അനാഥയായിരുന്ന മായ നെയ്തെടുത്ത സ്വപ്നങ്ങള്‍ ഒരു നിമിഷം കൊണ്ട് തകര്‍ന്നു. മായയുടെ നെഞ്ചില്‍ ഒരു നെടുവീര്‍പ്പിന്റെ ഭാരം ശേഷിപ്പിച്ച് രഘു ഒരപകടത്തില്‍ മരിച്ചു.

  വീണ്ടും അനാഥയായ മായയ്ക്ക് രഘുവിന്റെ സുഹൃത്ത് രവിയും ഭാര്യയും അഭയമായി. ആവും വിധം അവര്‍ മായയെ ആശ്വസിപ്പിച്ചു. പക്ഷേ, ഏറെനാള്‍ അത് തുടരാനായില്ല. ഒരു ബന്ധവുമില്ലാത്ത വിധവയെ വീട്ടില്‍ പാര്‍പ്പിക്കുന്ന രവിയെക്കുറിച്ച് നാട്ടുകാര്‍ അപവാദം പറഞ്ഞു തുടങ്ങി. സഹികെട്ട രവി മായയെ അവളുടെ അകന്ന ബന്ധുവിന്റെ വീട്ടിലേയ്ക്ക് മാറ്റി.

  താലിയറ്റ നാള്‍ മുതല്‍ സ്വാതന്ത്യ്രവും വ്യക്തിത്വവും നഷ്ടമായി സമൂഹത്തിന്റെ കണ്ണിലെ കരടായി തനിക്കിനിയും ജീവിക്കാനാവില്ലെന്ന് മായ രവിയോട് പറഞ്ഞു. എന്നാല്‍ നാട്ടുകാരുടെയും സമൂഹത്തിന്റെയും നാവിന്‍ തുമ്പിലല്ല വിധിയിരിക്കുന്നതെന്നും അപവാദത്തിന്റെ അറവു കത്തിയ്ക്കു മുന്നില്‍ കഴുത്തു നീട്ടാതെ അന്തസായി ജീവിച്ച് കാണിക്കുകയാണ് വേണ്ടതെന്നുമുളള രവിയുടെ വാക്കുകള്‍ മായയുടെ മനസിന് ഉണര്‍വു പകര്‍ന്നു.

  കണ്ടു മടുത്ത കഥയില്ലാ ചിത്രങ്ങളില്‍ നിന്നൊരു വഴിമാറ്റമാണ് തിലകം. രഘുവായി വേഷമിടുന്നത് കോമഡി ടൈമില്‍ നിന്നും ചിരിക്കുടുക്കയിലൂടെ സിനിമയിലെത്തിയ കൂട്ടിക്കല്‍ ജയചന്ദ്രന്‍. കുബേരനിലൂടെ മലയാളത്തിലെത്തിയ ഉമാശങ്കരിയാണ് മായ. അന്തരിച്ച പ്രശസ്ത നടന്‍ സോമന്റെ മകന്‍ സജി സോമനാണ് രവി.

  പരിഹാരം പുഷ്പാംഗദന്‍ എന്ന ഏറെ സവിശേഷതയുളള കഥാപാത്രമായി ജഗതി ശ്രീകുമാറും തിലകത്തിലുണ്ട്.

  സോമന്‍ തൈക്കാടിന്റേതാണ് തിലകത്തിന്റെ കഥ. ശശിമോഹനും സോമനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ന്യൂ ഇറ ഇന്‍ഫോ മീഡിയയുടെ ബാനറില്‍ യു. ശശിധരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ്, ജോസ് പെല്ലിശേരി, സുധീഷ് തുടങ്ങിയവരും തിലകത്തിലുണ്ട്.

  കാമെറ വിദ്യാനന്ദ്, ഗാനങ്ങള്‍ ഷിബു ചക്രവര്‍ത്തി, സംഗീതം ജെറി അമല്‍ ദേവ്, എഡിറ്റിംഗ് പി. സി. മോഹന്‍.

  കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ തിലകം പൂര്‍ത്തിയാകും.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X