മോഹന്‍ലാല്‍ ഫാനായി ദിലീപ്
മോഹന്‍ലാല്‍ ഫാനായി ദിലീപ്
ആഗസ്ത് 19, 2004
താന്‍ മോഹന്‍ലാലിന്റെ ആരാധകനാണെന്ന് ദിലീപ് ചിലപ്പോഴൊക്കെ പറയാറുണ്ട്. ഒരു മോഹന്‍ലാല്‍ ഫാനായതുകൊണ്ടാവാം ദിലീപ് സിനിമാ നിര്‍മാണത്തിലും ബിസിനസിലും പോലും മെഗാതാരത്തിന്റെ രീതികളെ അനുകരിക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തില്‍ മോഹന്‍ലാല്‍ ഫാനായ ദിലീപ് ഇപ്പോഴിതാ സിനിമയിലും മോഹന്‍ലാല്‍ ഫാനാവുന്നു.
ലാല്‍ ജോസിന്റെ പുതിയ ചിത്രമായ രസികനില്‍ ആണ് ദിലീപ് മോഹന്‍ലാല്‍ ഫാനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാമനപുരം ബസ് സര്‍വീസ് എന്ന ചിത്രത്തില്‍ എംജിആര്‍ ഫാനായി മോഹന്‍ലാല്‍ അഭിനയിച്ചതു പോലെ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഫാനായി ദിലീപ് വേഷമിടുന്നു.
നഗരത്തിലെ ഒരു തെരുവില്‍ ജനിച്ചുവളര്‍ന്ന ചെറുപ്പക്കാരനായ ശിവന്‍കുട്ടിയായാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. കരിഞ്ചന്തയില്‍ ടിക്കറ്റ് വിറ്റും രാത്രിയില്‍ സിനിമാ പോസ്ററൊട്ടിച്ചും ജീവിതോപാധി കണ്ടെത്തുന്നവനാണ് ശിവന്‍കുട്ടി. സിനിമ അവന്റെ മനസിലെ വലിയ മോഹമാണ്. മോഹന്‍ലാല്‍ സിനിമകള്‍ കാണുക അവന് ആവേശമാണ്.
നഗരത്തിലെ തെരുവുകളില്‍ കണ്ടുവരാറുള്ള ചെറുപ്പക്കാരെ ഓര്‍മിപ്പിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇക്കുറി ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇത്.
ചിത്രത്തില്‍ രണ്ട് പുതുമുഖങ്ങളാണ് നായികമാരാവുന്നത്- കണ്ണൂര്‍ സ്വദേശിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ സംവ്രദയും ഹൈദരാബാദുകാരിയായ ഹരിപ്രിയയും. ശിവന്‍കുട്ടിയെ പ്രണയിക്കുന്ന തങ്കി, കരിഷ്മ എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്.
കൊച്ചിയില്‍ ചിത്രീകരണത്തിനായി പ്രത്യേകമൊരുക്കിയ തെരുവില്‍ ഷൂട്ടിംഗ് നടന്നുവരികയാണ്. 40 ദിവസത്തെ ഷൂട്ടിംഗാണ് നടക്കുന്നത്.


Click it and Unblock the Notifications