ലാല്‍ ചിത്രത്തിലൂടെ രഞ്ജിത്ത് നടനാവുന്നു
ലാല്‍ ചിത്രത്തിലൂടെ രഞ്ജിത്ത് നടനാവുന്നു
ആഗസ്ത് 23, 2004
തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് അഭിനയരംഗത്തേക്ക് കടക്കുന്നു. മോഹന്‍ലാല്‍ നായകനാവുന്ന താപ്പാന എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചാണ് രഞ്ജിത്ത് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്.
തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുശ്ശേരി വലിയ വീട്ടില്‍ ചെറിയ നമ്പ്യാര്‍ എന്ന ആഢ്യനായ കഥാപാത്രത്തെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. സ്കൂള്‍ ഒഫ് ഡ്രാമയിലെ പഠനത്തിന് ശേഷം സിനിമാരംഗത്തെത്തിയ രഞ്ജിത്തിന് അഭിനയത്തില്‍ തുടക്കം കുറിക്കാന്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്.
രഞ്ജിത്തിനെ പോലെ പല പ്രമുഖ തിരക്കഥാകൃത്തുക്കളും സംവിധായകരും ഇതിന് മുമ്പ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രീനിവാസനും ബാലചന്ദ്രമേനോനും പ്രഗത്ഭ തിരക്കഥാകൃത്തുക്കളായി കൂടി പേരെടുത്തുവരാണല്ലോ. സിദ്ദിക്കിനോടൊപ്പം സംവിധാനരംഗത്തും തിരക്കഥാരംഗത്തും പയറ്റിയതിന് ശേഷമാണ് ലാല്‍ അഭിനയത്തിലേക്ക് കടക്കുന്നത്.
വയലന്‍സ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ ചിത്രങ്ങളില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് ഏതാനും രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍, സംവിധായകന്‍ വി. ജി. തമ്പി എന്നിവര്‍ തങ്ങളുടെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇവരാരും രഞ്ജിത്തിനെ പോലെ മുഴുനീള കഥാപാത്രമായി അഭിനയിച്ച് പരീക്ഷണം നടത്താന്‍ തയ്യാറായിട്ടില്ല.
സിനിമയിലെ മറ്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം അഭിനയരംഗത്തെത്തി കയ്യടി നേടിയ താരമാണ് ഇന്നസെന്റ്. ചില ചിത്രങ്ങളുടെ നിര്‍മാതാവായതിന് ശേഷമാണ് ഇന്നസെന്റ് അഭിനയരംഗത്തേക്ക് കടന്നത്.


Click it and Unblock the Notifications