twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആലാപനത്തില്‍ നിന്ന് അഭിനയത്തിലേക്ക്

    By Staff
    |

    ആലാപനത്തില്‍ നിന്ന് അഭിനയത്തിലേക്ക്
    ആഗസ്ത് 24, 2004

    പൊതുവെ ഗായകര്‍ക്ക് ഇപ്പോള്‍ നല്ല കാലമാണ്. സിനിമയില്‍ ഒട്ടേറെ പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടിവിയിലെ സംഗീത പരിപാടികളുടെ അവതാരകരായി തിളങ്ങിനില്‍ക്കാനുള്ള അവസരം പല ഗായകര്‍ക്കും ലഭിക്കുന്നുണ്ട്. ടിവി പരിപാടികളുടെ പ്രചാരം ഗായകര്‍ക്ക് ഗ്ലാമര്‍ പരിവേഷമാണ് നല്‍കിയിട്ടുള്ളത്.

    ഈ ഗ്ലാമര്‍ പരിവേഷം പല ഗായകര്‍ക്കും സിനിമയിലെ മറ്റ് മേഖലകളിലേക്ക് കടക്കാന്‍ അവസരമൊരുക്കുന്നു. ഗായിക വസുന്ധരാദാസ് നടിയെന്ന നിലയില്‍ കൂടുതല്‍ പ്രശസ്തി കൈവരിച്ചത് തന്നെ ഏറ്റവും നല്ല ഉദാഹരണം. സിനിമാ താരങ്ങളായി മാറുന്ന സിനിമാ ഗായകര്‍ ഇപ്പോള്‍ മലയാളത്തിലുമുണ്ട്.

    മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയയായ റിമ്മി ടോമി ടിവി പരിപാടികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഗായികയാണ്. ടിവി പരിപാടികളിലൂടെ ലഭിച്ച ജനപ്രിയത ഇപ്പോള്‍ റിമ്മിക്ക് സിനിമാഭിനയത്തിലേക്ക് ചവിട്ടുപടിയായിരിക്കുന്നു. രാജസേനന്‍ സംവിധാനം ചെയ്യുന്ന ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തില്‍ ഉപനായികയുടെ വേഷമാണ് റിമ്മി അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ സഹോദരിയായി ഈ ചിത്രത്തില്‍ അഭിനയിക്കുന്ന റിമ്മി ഒരു പക്ഷേ ഇനി ഗായിക എന്നതിനേക്കാള്‍ ചലച്ചിത്രനടിയായിട്ടാകാം കൂടുതല്‍ അറിയപ്പെടുന്നത്.

    ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളിലൂടെ ചലച്ചിത്രഗാന ശ്രോതാക്കളുടെ പ്രിയങ്കരനായി മാറിയ ജാസി ഗിഫ്റ്റാണ് സിനിമാ സംഗീതരംഗത്തു നിന്നും സിനിമാഭിനയത്തിലേക്ക് കടക്കുന്ന മറ്റൊരാള്‍. ഗായകന്‍ എന്ന നിലയിലും സംഗീത സംവിധായകന്‍ എന്ന നിലയിലും തന്റെ സ്ഥാനം പ്രതിഷ്ഠിച്ചുകഴിഞ്ഞ ജാസി ജയരാജിന്റെ റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ എന്ന ചിത്രത്തിലാണ് വേഷമിട്ടത്. ഗായകനായി തന്നെയാണ് ഈ ചിത്രത്തില്‍ ജാസി അഭിനയിച്ചത്.

    സുന്ദരികളായ ഗായികമാരെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നുണ്ട്. സിനിമാഭിനയത്തില്‍ താത്പര്യമില്ലാത്തതു കൊണ്ടുമാത്രം ഗായികയായി ഒതുങ്ങിക്കൂടുന്നവരാണ് അവരില്‍ ചിലര്‍. അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും അഭിനയിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ ആ ഓഫറുകള്‍ നിരസിക്കുകയായിരുന്നുവെന്ന് ഗായികമാരായ ജ്യോത്സ്യനയും രഞ്ജിനിയും പറയുന്നു.

    പഴയ തലമുറയില്‍ പെട്ട ഗായകര്‍ക്കും വെള്ളിത്തിര അന്യമായിരുന്നില്ല. ഗായകന്‍മാരായ ഉണ്ണിമേനോനും എസ്. പി. ബാലസുബ്രഹ്മണ്യവുമൊക്കെ സിനിമയില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. സ്ഥിതി എന്ന ചിത്രത്തില്‍ ഉണ്ണിമേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. എസ്. പി. ബാലസുബ്രഹ്മണ്യം തമിഴ് സിനിമയില്‍ ഒരു പിടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    കൈതപ്രവും ജയചന്ദ്രനുമൊക്കെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളവരാണ്. ജയചന്ദ്രന്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചപ്പോള്‍ കൈതപ്രം ഹിസ് ഹൈനസ് അബ്ദുള്ള ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X