അക്ബര്‍ ജോസ് വേര്‍പിരിയുന്നു
അക്ബര്‍ ജോസ് വേര്‍പിരിയുന്നു
ആഗസ്ത് 26, 2003
സിദ്ദിക്ക്ലാല്‍, അശോകന്‍ താഹ എന്നീ ഇരട്ടസംവിധായകര്‍ക്ക് പിന്നാലെ അക്ബര്‍ ജോസും വേര്‍പിരിയുന്നു. രണ്ട് ചിത്രങ്ങള്‍ ഒന്നിച്ച് സംവിധാനം ചെയ്തതിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.
മഴത്തുള്ളിക്കിലുക്കം, സദാനന്ദന്റെ സമയം എന്നീ ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍. കമലിന്റെ സഹസംവിധായകരായി പ്രവര്‍ത്തിച്ചിട്ടുള്ള ഇരുവരും മഴത്തുള്ളിക്കിലുക്കം ഒരുക്കിയാണ് സ്വതന്ത്ര സംവിധായകരാവുന്നത്.
ദിലീപ് നായകനായ മഴത്തുള്ളിക്കിലുക്കം ഹിറ്റായിരുന്നു. എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ സദാനന്ദന്റെ സമയം ദിലീപിന്റെ സാന്നിധ്യമുണ്ടായിട്ടും ബോക്സോഫീസില്‍ മൂക്കുകുത്തിവീണു.
സദാനന്ദന്റെ സമയം റിലീസ് ചെയ്തതോടെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും പലതുകൊണ്ടും മോശപ്പെട്ട സമയമായി. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വണ്ടിച്ചെക്ക് കേസില്‍ അറസ്റിലായി. ദിലീപിന്റെ സിനിമയിലെ ഏറ്റവും മികച്ച സമയമായിട്ടും അത് പ്രയോജനപ്പെടുത്താന്‍ സംവിധായര്‍ക്ക് കഴിഞ്ഞതുമില്ല.
പിരിയുന്നതിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എബി ജോസ് പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ജയറാം ആണ്് ചിത്രത്തിലെ നായകന്‍.
ഹിറ്റ്മേക്കര്‍മാരായി പേരെടുത്ത സിദ്ദിക്ക്ലാല്‍ വേര്‍പിരിഞ്ഞതാണ് മലയാളത്തിലെ ഇരട്ടസംവിധായകരുടെ കൂട്ടത്തിലുണ്ടായ ഏറ്റവും വലിയ വാര്‍ത്ത. ഇരുവരും സംവിധായകരെന്ന നിലയില്‍ വേര്‍പിരിഞ്ഞെങ്കിലും സിദ്ദിക്കിന്റെ ചിത്രങ്ങള്‍ ലാല്‍ നിര്‍മിച്ചിരുന്നു.


Click it and Unblock the Notifications