ലാല്‍ ചിത്രങ്ങളില്‍ രാജുവിന് ഹാട്രിക്
ലാല്‍ ചിത്രങ്ങളില്‍ രാജുവിന് ഹാട്രിക്
ആഗസ്ത് 26, 2006
മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ്കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം സിനിമാ കൂട്ടുകെട്ടിന്റെ തുടക്കം മുതലേ അതില്‍ അംഗമായിരുന്നു നടന്‍ മണിയന്‍പിള്ള രാജു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പല ചിത്രങ്ങളിലും രാജു വേഷമിട്ടു. മോഹന്‍ലാലിനൊപ്പം ഒട്ടേറെ കൊച്ചുവേഷങ്ങള്‍ ചെയ്തു.
മോഹന്‍ലാലിനൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മണിയന്‍പിള്ള രാജുവിന് ആ ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ രണ്ടാണ്- വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ. രണ്ടു ചിത്രങ്ങളിലും മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിക്കാന്‍ അവസരം ലഭിച്ചതു കൊണ്ടൊന്നുമല്ല രാജുവിന് ഈ ചിത്രങ്ങളോട് പ്രത്യേക പ്രതിപത്തി. കാരണം മറ്റൊന്നാണ്. രണ്ടു ചിത്രങ്ങളും നിര്‍മിച്ചത് രാജു തന്നെയാണ്.
മോഹന്‍ലാല്‍ നായകനായ ഈ രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായി. അതിനു ശേഷം മമ്മൂട്ടിയെ നായകനാക്കി അനശ്വരം എന്ന ചിത്രം നിര്‍മിച്ചെങ്കിലും അത് പരാജയപ്പെട്ടു. അതിനു ശേഷം നീണ്ട കാലം നിര്‍മാതാവിന്റെ മേലങ്കി അഴിച്ചുവച്ച രാജു വീണ്ടും അതെടുത്തണിയുന്നത് കഴിഞ്ഞ വര്‍ഷം അനന്തഭദ്രം എന്ന ചിത്രത്തിനു വേണ്ടിയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു രാജു.
മോഹന്‍ലാലിനെ നായകനാക്കി രണ്ട് സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിച്ച രാജു തന്റെ പ്രിയസുഹൃത്തായ സൂപ്പര്‍താരത്തിനെ വച്ച് ഒരു ചിത്രം കൂടി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചോട്ടാ മുംബൈ ആണ് രാജു നിര്‍മിക്കുന്ന പുതിയ ചിത്രം. ഇതോടെ ലാല്‍ സിനിമകളുടെ നിര്‍മാണത്തില്‍ ഒരു ഹാട്രിക് തികയ്ക്കാനൊരുങ്ങുകയാണ് രാജു.


Click it and Unblock the Notifications