വേണുഗോപന്റെ ചൂണ്ടയില്‍ ജിഷ്ണു
വേണുഗോപന്റെ ചൂണ്ടയില്‍ ജിഷ്ണു
ആഗസ്ത് 27, 2003
ഷാര്‍ജ ടു ഷാര്‍ജക്ക് ശേഷം വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചൂണ്ട എന്ന ചിത്രത്തില്‍ ജിഷ്ണു നായകനാവുന്നു. കുസൃതിക്കുറുപ്പ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച വേണുഗോപന്റെ മൂന്നാമത്തെ ചിത്രമാണിത്.
മൂന്ന് നായികമാരാണ് ചിത്രത്തില്‍- ഗീതു മോഹന്‍ദാസ്, നിത്യാദാസ്, സുചിത. സുധീഷ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ടി. പി. മാധവന്‍, മാമുക്കോയ, സുബൈര്‍, മഹേഷ്, മോനിലാല്‍, കോഴിക്കോട് ശാരദ തുടങ്ങിയ താരങ്ങളും ചൂണ്ടയില്‍ അണിനിരക്കുന്നു.
ദേവന്‍ എന്ന കഥാപാത്രത്തെയാണ് ജിഷ്ണു അവതരിപ്പിക്കുന്നത്. മുംബൈയില്‍ നിന്നും രണ്ട് കൂട്ടുകാരോടൊപ്പം ഗ്രാമത്തിലെത്തിയതാണ് ദേവന്‍. അവനെ ഗ്രാമത്തിലെ ആര്‍ക്കും അറിയില്ല. ദേവനും സുഹൃത്തുക്കളും ഗ്രാമവാസികള്‍ക്ക് കൗതുകമായി.
ദേവന് ചില നിഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു. മുമ്പ് പട്ടാളക്കാരനായിരുന്ന വര്‍ഗീസ് പഞ്ഞിക്കാരനെ തേടിയാണ് അവന്‍ വന്നിരിക്കുന്നത്. അവന്റെ ലക്ഷ്യത്തിന് പിന്നില്‍ പകയുടെ മണമുണ്ടായിരുന്നു. തന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ ഓട്ടുകമ്പനി ഉടമയായ മോഹിനിവര്‍മയുടെ സഹായം അവന് ലഭിച്ചു.
തന്റെ ലക്ഷ്യത്തിലേക്കുള്ള ദേവന്റെ പ്രണായത്തിന്റെ കഥയാണ് വേണുഗോപന്‍ ചൂണ്ടയില്‍ പറയുന്നത്. ഇഷ്ടം, നമ്മള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥയിലൂടെ ശ്രദ്ധേയനായ കലവൂര്‍ രവികുമാറാണ് ചൂണ്ടയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. യേശുദാസ്, വിധുപ്രതാപ്, സുജാത, ജ്യോത്സ്യന എന്നിവരാണ് ഗായകര്‍. ക്യാമറ പി. സുകുമാര്‍. മഹാദേവ സിനിമയുടെ ബാനറില്‍ സരീഷാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications