»   » മോളിവുഡില്‍ പരാജയങ്ങളുടെ ഘോഷയാത്ര

മോളിവുഡില്‍ പരാജയങ്ങളുടെ ഘോഷയാത്ര

Posted By:
Subscribe to Filmibeat Malayalam
ചരിത്ര വിജയം കുറിച്ച ട്വന്റി20യ്‌ക്ക്‌ ശേഷം മോളിവുഡില്‍ പരാജയങ്ങളുടെ ഘോഷയാത്ര. കോടികള്‍ കൊയ്‌ത്‌ കൊണ്ട്‌ ട്വന്റി 20 മുന്നേറുമ്പോഴും ഇതിന്‌ ശേഷം തിയറ്ററുകളിലെത്തിയ മൂന്ന്‌ ചിത്രങ്ങള്‍ വമ്പന്‍ പരാജയത്തിലെത്തുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു.

മോഹന്‍ലാല്‍-സുരേഷ്‌ ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ്‌ നാഥ്‌ ഒരുക്കിയ പകല്‍ നക്ഷത്രങ്ങള്‍ നിര്‍മാതാവിന്‌ നഷ്ടമുണ്ടാക്കുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. ഒരു കൊമേഴ്‌സ്യല്‍ ചിത്രമല്ലെങ്കിലും മോഹന്‍ലാലിന്റെയും സുരേഷ്‌ ഗോപിയുടെയും താരമൂല്യം പകല്‍ നക്ഷത്രങ്ങളെ രക്ഷിയ്‌ക്കുമെന്ന് നിര്‍മാതാക്കള്‍ വിചാരിച്ചിട്ടുണ്ടാകണം. എന്നാലങ്ങനെയൊരു അദ്‌ഭുതം, അതുണ്ടായില്ല. ചിത്രം വമ്പന്‍ പരാജയത്തിലേക്ക്‌ നീങ്ങുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നു.

വമ്പന്‍ പ്രതീക്ഷകളുമായെത്തിയ സുരേഷ്‌ ഗോപിയുടെ ബുള്ളറ്റാണ്‌ ചലനമുണ്ടാക്കാന്‍ കഴിയാതെ പോയ മറ്റൊരു ചിത്രം. നല്ലൊരു തുടക്കമിടാന്‍ പോലും ബുള്ളറ്റിന്‌ കഴിഞ്ഞില്ല. കരിയറില്‍ പരാജയങ്ങള്‍ മാത്രമുള്ള നിസാറിനെ പോലുള്ള സംവിധായകന്‍മാരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്‌ ഇനിയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍ സുരേഷ്‌ ഗോപി വീണ്ടും വാസത്തിന് പോകേണ്ടി വരുമെന്ന കാര്യമുറപ്പാണ്‌.

പ്രതീക്ഷിച്ച പുതുമകളൊന്നുമില്ലാതെയെത്തിയ സുല്‍ത്താനും അനിവാര്യമായ ദുരന്തത്തിലേക്കാണ്‌ നീങ്ങുന്നത്‌. വിനു മോഹന്റെ കരിയറിലെ ആദ്യത്തെ വമ്പന്‍ പരാജയമായി മാറാനുള്ള ദുര്‍വിധി ഒരുപക്ഷേ സുല്‍ത്താന്‌ സ്വന്തമായേക്കും.

ക്രിസ്‌മസിന്‌ തിയറ്ററുകളിലെത്തുന്ന ലോലിപോപ്പ്‌, റെഡ്‌ ചില്ലീസ്‌, ക്രേസി ഗോപാല എന്നിവയിലാണ്‌ ഇനി വിപണിയുടെ പ്രതീക്ഷ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam