»   » ഗണിതത്തില്‍ അധ്യാപകനായി ലാല്‍

ഗണിതത്തില്‍ അധ്യാപകനായി ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
പുതുമയ്‌ക്ക്‌ വേണ്ടിയുള്ള തെരച്ചിലിലാണ്‌ മോഹന്‍ലാല്‍. വമ്പന്‍ പ്രൊജക്ടുകള്‍ തന്നെ കാത്ത്‌ ക്യൂനില്‌ക്കുമ്പോഴും ലാല്‍ തേടുന്നത്‌ പുതുരക്തത്തെയാണ്‌. തനിയ്‌ക്കിണങ്ങുന്ന പുതുമയുള്ള കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളുമൊക്കെയായി വരുന്ന തിരക്കഥാകൃത്തുക്കളെയും സംവിധായകരെയുമൊക്കെ നിറഞ്ഞ മനസ്സോടെയാണ്‌ മോഹന്‍ലാല്‍ സ്വാഗതം ചെയ്യുന്നത്‌.

മെയ്‌ ആദ്യവാരം കഥ കേള്‍ക്കാന്‍ വേണ്ടി മാത്രം നാല്‌ ദിവസമാണത്രേ ലാല്‍ നീക്കിവെച്ചത്‌. താരത്തിന്റെ ഈ നീക്കം വിജയം കണ്ടുവെന്ന്‌ തന്നെയാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നത്‌. മുതിര്‍ന്ന സംവിധായകരുടെ ചിത്രങ്ങള്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളുടെ സിനിമകളിലും ലാല്‍ ഈ വര്‍ഷം പ്രത്യക്ഷപ്പെട്ടേക്കും.

നവാഗതനായ ജയ്‌മോന്‍ അയര്‍കുന്നം സംവിധാനം ചെയ്യുന്ന 'ഗണിതം' ഈയൊരു ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണ്‌. ഗണിതത്തില്‍ മോഹന്‍ലാല്‍ ഒരു ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപകന്റെ വേഷമാണ്‌ മോഹന്‍ലാല്‍ അവതരിപ്പിയ്‌ക്കുന്നത്‌. ഏറെക്കാലത്തിന്‌ ശേഷമാണ്‌ മോഹന്‍ലാല്‍ ഒരു അധ്യാപകന്റെ വേഷമണിയുന്നത്‌. ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫൂള്‍, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ സിനിമകളിലൊക്കെ അധ്യാപകനായെത്തിയ ലാലിന്റെ പ്രകടനം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടുണ്ടാവില്ല.

അഞ്ച്‌ വര്‍ഷം സെന്‍സര്‍ ബോര്‍ഡ്‌ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ജയ്‌മോന്‍ ഒട്ടേറെ ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്‌തിട്ടുള്ളയാളാണ്‌. ആര്‍സി എന്റര്‍പ്രൈസസിന്റെ ബാനറില്‍ റൂബന്‍ ഗോമസാണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗണിതത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സിനിമയിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിട്ടേക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X