ഭാവനയ്ക്ക് നായകനാകണം
ഭാവനയ്ക്ക് നായകനാകണം
സപ്തംബര്‍ 2, 2006
ഭാവനയെ ഇനി അടുത്തൊന്നും മലയാളത്തില്‍ പ്രതീക്ഷിക്കേണ്ട. തമിഴ് സിനിമകള്‍ക്കായി 2007 വരെയുള്ള ഡേറ്റുകള്‍ നല്‍കിക്കഴിഞ്ഞു. ഭാവനയുടെ ഡേറ്റിനായി തമിഴ് നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കുന്ന ഈ കാഴ്ച ഭാവന പോലും സ്വപ്നം കണ്ടിരിക്കാനിടയില്ല.
ഈസ്റ് കോസ്റ് റോഡ്, വെയില്‍, ആര്യ, ദീവാലി, കൂടല്‍നഗര്‍- പൂര്‍ത്തിയാക്കാന്‍ ഭാവനയ്ക്കു ഒരു പിടി ചിത്രങ്ങളുണ്ട്. ഇതിനിടയില്‍ മലയാളത്തില്‍ വന്ന് അഭിനയിക്കാന്‍ ഭാവനയ്ക്കെവിടെ നേരം? എന്നുവച്ച് നയന്‍താരയെയും അസിനെയും പോലെ മലയാളമേ വേണ്ട എന്നൊരു അഹങ്കാരമൊന്നും ഭാവനയ്ക്കില്ല. തന്റെ ഒരു സ്വപ്നം പൂര്‍ത്തീകരിക്കാന്‍ വഴിയൊരുങ്ങുകയാണെങ്കില്‍ ഭാവന എപ്പോള്‍ വേണമെങ്കിലും മലയാളത്തിലേക്ക് വരാന്‍ തയ്യാര്‍.
എന്താണ് ഭാവനയുടെ ഈ സ്വപ്നമെന്നല്ലേ? മറ്റൊന്നുമല്ല, ഭാവനയ്ക്ക് ആണായി അഭിനയിക്കണം. അതിനേതായാലും തമിഴില്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മലയാളത്തില്‍ ആണാകാന്‍ ആരെങ്കിലും വിളിച്ചാല്‍ ഭാവന ഉടന്‍ ഹാജര്‍.
ആനിയും മഞ്ജു വാര്യരുമൊക്കെ ആണ്‍വേഷം കെട്ടിയിട്ടുണ്ട്. ഈയിടെ മീരാ ജാസ്മിനും ആണ്‍വേഷം കെട്ടാന്‍ തമിഴില്‍ നിന്നും മലയാളത്തില്‍ പറന്നെത്തി. എങ്കില്‍ എനിക്കുമെന്തു കൊണ്ട് ആണായിക്കൂടായെന്നാണ് ഭാവനയുടെ ചിന്ത.
എന്തായാലും ഭാവന ഇനി മലയാളത്തിലേക്ക് വരുന്നെങ്കില്‍ അത് നായികയായിട്ടിരിക്കില്ല, നായകനായിട്ടായിരിക്കും.


Click it and Unblock the Notifications