സംവിധായകര്‍ക്കെതിരെ നവ്യയും രേണുകയും
സംവിധായകര്‍ക്കെതിരെ നവ്യയും രേണുകയും
സപ്തംബര്‍ 03, 2003
അവസരം നല്‍കുന്ന സംവിധായകരെ ഗോഡ്ഫാദര്‍മാരായി സങ്കല്പിക്കുന്നതാണ് നടിമാരുടെ പൊതുവെയുള്ള രീതി. അവസരം കിട്ടുമ്പോഴൊക്കെ അവസരം തന്ന സംവിധായകരെ പുകഴ്ത്തിപ്പറയും. മലയാളത്തിലെ രണ്ട് പുതിയ നടിമാര്‍ ഇതിന് അപവാദമാവുന്നു.
മലയാളത്തിലെ നായികാനടിമാരായ രേണുകാ മേനോനും നവ്യാ നായരുമാണ് തങ്ങള്‍ അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സംവിധായകരെ പിണക്കിയാല്‍ സിനിമാ ലോകത്ത് നിലനിന്നുപോവാന്‍ ബുദ്ധിമുട്ടാവുമെന്നിരിക്കെ ഇവര്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത് സിനിമാ ലോകത്ത് വിസ്മയമുണ്ടാക്കിയിട്ടുണ്ട്. അതേ സമയം അത്ര ഗൗരവമുള്ള കാര്യത്തിനല്ല ഈ നടിമാര്‍ സംവിധായകര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ് കൗതുകരമായ കാര്യം.
തങ്ങളോടൊപ്പം അഭിനയിച്ച നടിക്ക് തന്നേക്കാള്‍ പ്രാധാന്യം വന്നിരിക്കുന്നു എന്നാണ് രണ്ട് നടിമാരുടെയും പരാതി. ഇതേ ചൊല്ലി നവ്യാ നായര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് കമലിനെതിരെയാണ്. ഗ്രാമഫോണ്‍ എന്ന ചിത്രത്തില്‍ മീരാ ജാസ്മിനോളം പ്രാധാന്യം തനിക്കുണ്ടെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ തന്റെ കഥാപാത്രത്തിന് അത്രയൊന്നും പ്രാധാന്യമില്ലെന്ന് ബോധ്യമായെന്നുമാണ് നവ്യ പറയുന്നത്.
നവ്യയുടെ ആക്രമണം കമലിനെതിരെ മാത്രമല്ല. വെള്ളിത്തിരയിലെ ഒരു ഗാനരംഗത്തില്‍ ഭദ്രന്‍ തന്നെ അശ്ലീലപരമായി ചിത്രീകരിച്ചുവെന്നും ഇത് ഭദ്രന്‍ തന്നോട് പറയാതെ ചെയ്തതാണെന്നും നവ്യ പറയുന്നു. മഴയില്‍ നനഞ്ഞൊട്ടിയ വേഷത്തില്‍ പൃഥ്വിരാജിനോടൊപ്പം ആടുന്നത് താനറിയാതെ അശ്ലീലച്ചുവയുള്ള ആംഗിളുകളില്‍ ഭദ്രന്‍ പകര്‍ത്തിയെന്നാണ് നവ്യ ഭദ്രനോട് രോഷം പ്രകടിപ്പിക്കുന്നത്.
രേണുകാ മേനോന് പരാതി പറയാനുള്ളത് വിനയനെ കുറിച്ചാണ്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തില്‍ മീരയായി അഭിനയിച്ച അമ്പിളിദേവിയേക്കാള്‍ തനിക്ക് പ്രാധാന്യം കുറഞ്ഞുപോയി എന്നാണ് രേണുകയുടെ പരാതി. രണ്ട് നടിമാര്‍ക്കും തുല്യപ്രാധാന്യമുണ്ടെന്ന് പറഞ്ഞാണ് തന്നെ അഭിനയിക്കാന്‍ വിളിച്ചതെന്നും എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ പോസ്ററില്‍ പോലും തന്റെ തലയില്ലെന്നും രേണുക പരാതിപ്പെടുന്നു. ചിത്രത്തെ കുറിച്ചുള്ള ടി വി പരിപാടികളിലും രേണുകയെ മാറ്റിനിര്‍ത്തിയത്രെ.
വിനയനെ പോലുള്ള ഒരു സംവിധായകനില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് രേണുക പറയുന്നത്. രേണുകയില്‍ നിന്ന് വിനയനും ഇത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതു പോലെ കമലും ഭദ്രനും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നവ്യ പറഞ്ഞിരിക്കുന്നത്.
സിനിമലോകം ഒട്ടും പ്രതീക്ഷിക്കാത്ത പുതിയ രീതികള്‍ക്കാണോ ഈ നടിമാര്‍ തുടക്കമിടുന്നത്? ഏതായും പഴയകാല നടിമാര്‍ സ്വപ്നത്തില്‍ പോലും ചെയ്യാനുദ്ദേശിക്കാത്ത കാര്യങ്ങളാണ് ഈ പുതിയ നടിമാര്‍ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications