ലോഹിയുടെ പൊട്ടന്‍ മുത്തായി
ലോഹിയുടെ പൊട്ടന്‍ മുത്തായി
സപ്തംബര്‍ 3, 2006
ദിലീപിനെ നായകനാക്കി ലോഹിതദാസ് ഒരുക്കുന്ന ചിത്രത്തിന് പേരുമാറ്റം. ചക്കരപ്പൊട്ടന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിന് ചക്കരമുത്ത് എന്ന പുതിയ പേരാണ് നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് പേരിന് ഇങ്ങനെയൊരു മാറ്റം വരുത്തിയത്. ചക്കരപ്പൊട്ടന്‍ എന്ന പേര് നെഗറ്റീവായ ധാരണ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കുമെന്ന തോന്നലാണത്രെ പേരുമാറ്റത്തിന് കാരണം.
തയ്യല്‍ക്കാരന്‍ അരവിന്ദന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജോക്കറിലെ കഥാപാത്രത്തിനു ശേഷം ലോഹിതദാസ് ചിത്രത്തില്‍ ദിലീപിന് കിട്ടുന്ന അഭിനയസാധ്യതയുള്ള വേഷമാണിത്. കുഞ്ഞിക്കൂനനില്‍ വികലാംഗനനായും തിളക്കത്തില്‍ ഭ്രാന്തനായും വേഷമിട്ട ദിലീപ് ചക്കരമുത്തില്‍ ഊമയായാണ് അഭിനയിക്കുന്നത്.
ഒരു ചെറിയ ഇടവേളക്കു ശേഷം ലോഹിതദാസ് ഒരുക്കുന്ന ഈ ചിത്രത്തില്‍ കാവ്യാ മാധവനാണ് നായിക. ഷൊര്‍ണൂരിലും ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചക്കരമുത്തിന്റെ ചിത്രീകരണം തുടങ്ങി.
ലോഹി ഈ ചിത്രത്തിനു വേണ്ടി ഒരു ഗാനമെഴുതിയിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരിയാണ് മറ്റ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സംഗീതം എം.ജയചന്ദ്രന്‍. ഛായാഗ്രഹണം രാജരത്നം. സെവന്‍ ആര്‍ട്സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications