സുരേഷ് ഗോപിയുടെ നായികയായി ഗീതു
സുരേഷ് ഗോപിയുടെ നായികയായി ഗീതു
സപ്തംബര്‍ 04, 2004
ആക്ഷന്‍ ചിത്രങ്ങളിലെ നായകനായി തിളങ്ങിനിന്ന, സൂപ്പര്‍താരമെന്ന വിശേഷണം മാധ്യമങ്ങള്‍ പതിച്ചുനല്‍കിയ കാലം സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം പഴങ്കഥയായി കഴിഞ്ഞു. സിനിമാരംഗത്ത് പിടിച്ചുനില്‍ക്കാന്‍ ആയാസപ്പെടുന്ന ഈ നടന്‍ മുഖ്യധാരയില്‍ അത്ര സജീവമല്ലാത്ത സംവിധായകരുടെ ചിത്രങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും അഭിനയിക്കുന്നത്.
ഹരികുമാറിന്റെ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, അമ്പിളിയുടെ ചാമന്റെ കബനി എന്നീ ചിത്രങ്ങളില്‍ തന്റെ പതിവ്ശൈലിയില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരേഷ് ഗോപി ഛായാഗ്രാഹകനായ എം. ഡി. സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നു. പേരിട്ടിട്ടില്ലാത്ത ഈ ചിത്രവും പതിവ് സുരേഷ് ഗോപി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.
ഗീതു മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. തെങ്കാശിപ്പട്ടണത്തിലാണ് ഇതിനുമുമ്പ് സുരേഷ് ഗോപിയും ഗീതു മോഹന്‍ദാസും ഒന്നിച്ചഭിനയിച്ചത്. വിജയരാഘവന്‍, കലാശാല ബാബു, സി. വി. ദേവ്, ബിന്ദു രാമകൃഷ്ണന്‍, ശാന്താദേവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സംവിധായകനായ എം. ഡി. സുകുമാരന്‍ തന്നെ. ഛായാഗ്രഹണം സാലു ജോര്‍ജ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം നല്‍കുന്നു.
ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും കൊച്ചിയില്‍ ലാല്‍ സ്റുഡിയോയില്‍ നടന്നു. എസ്. എസ്. ഫിലിംസിന്റെ ബാനറില്‍ സാജന്‍ തോട്ടത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications