ഉണ്ണിത്താന്‍ മുഖ്യമന്ത്രി
ഉണ്ണിത്താന്‍ മുഖ്യമന്ത്രി
സപ്തംബര്‍ 4, 2005
പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഷാജി കൈലാസ് ചിത്രത്തില്‍ മുഖ്യമന്ത്രിയായി വേഷമിടുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ വഴിയൊരുക്കിയ ആദ്യചിത്രത്തില്‍ തന്നെ രാഷ്ട്രീയനേതാവിന്റെ കുപ്പായമിടാനുള്ള അവസരമാണ് ഉണ്ണിത്താന് കൈവന്നിരിക്കുന്നത്.
സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ദി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദശകങ്ങള്‍ നീണ്ട രാഷ്ട്രീയജീവിതത്തിനിടെ ഒരു മന്ത്രിയാവാന്‍ പോലും കഴിഞ്ഞിട്ടില്ലെങ്കിലും സിനിമയില്‍ മുഖ്യമന്ത്രിയായി വേഷമിടാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ് ഉണ്ണിത്താന്‍. കൂട്ടുമുന്നണി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന ഉണ്ണിത്താന്‍ നിറഞ്ഞുനില്‍ക്കുന്ന ഏതാനും രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
വിജിലന്‍സ് ഡയറക്ടറെ കാണാതാകുന്നതിനെ കുറിച്ചന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മിന്നുന്ന ഡയലോഗുകളും ആക്ഷനും കുത്തിനിറച്ചൊരുക്കുന്ന ത്രില്ലറാണ് ദി ടൈഗര്‍.
നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ബ്രാന്റ് എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉണ്ണിത്താനെ ക്ഷണിച്ചിരുന്നു. മമ്മൂട്ടി പിന്‍മാറിയതോടെ ആ ചിത്രം നടന്നില്ലെങ്കിലും എന്നാല്‍ പുതിയ പ്രൊജക്ടിലും ഉണ്ണിത്താനെ ഉള്‍പ്പെടുത്താന്‍ ഷാജി കൈലാസ് തീരുമാനിക്കുകയായിരുന്നു.
സായ്കുമാര്‍, രാജന്‍ പി.ദേവ്, തിലകന്‍, സിദ്ദിക്ക്, മുരളി, വിജയകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തിരക്കഥ രചിച്ചിരിക്കുന്നത് ബി. ഉണ്ണിക്കൃഷ്ണന്റേതാണ്. ഛായാഗ്രഹണം ശ്യാംദത്ത്. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യഞ്ചിറ നിര്‍മിക്കുന്ന ചിത്രം ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications