ലാലും ശോഭനയും മാമ്പഴക്കാലത്ത്
ലാലും ശോഭനയും മാമ്പഴക്കാലത്ത്
സപ്തംബര്‍ 05, 2004
പ്രേക്ഷകരുടെ പ്രിയജോഡിയായി ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു. ജോഷി സംവിധാനം ചെയ്യുന്ന മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ശോഭനയും നായികാനായകന്‍മാരാവുന്നത്.
ശ്രദ്ധയാണ് ഇതിന് മുമ്പ് ഇരുവും ഒന്നിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. ഒരു ഇടവേളക്ക് ശേഷമാണ് ശോഭന മലയാളത്തില്‍ തിരിച്ചെത്തുന്നത്.
കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന മാമ്പഴക്കാലത്തില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ പ്രതാപ് കെ. ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കുടുംബത്തിന് വേണ്ടി ജീവിച്ച്, തന്റെ ജീവിതം മറന്നുപോയ ഒരാള്‍. എല്ലാ പ്രശ്നങ്ങളെയും അയാള്‍ ഒരു പുഞ്ചിരിയോടെയാണ് നേരിടാറുള്ളത്. എല്ലാവരുമുണ്ടെങ്കിലും തന്റേതെന്ന് പറയാന്‍ ആരുമില്ലാത്ത ഒരു ജീവിതമാണ് അയാളുടേത്.
മോഹന്‍ലാലിന്റെ സവിശേഷമായ ചില മാനറിസങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ഇന്ദിര എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിനും ശോഭനയ്ക്കും പുറമെ കലാഭവന്‍ മണി, സുധീഷ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഷമ്മി തിലകന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
പ്രജ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന മാമ്പഴക്കാലത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബാലേട്ടന്‍, നാട്ടുരാജാവ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ടി. എ. ഷാഹിദാണ്. അരോമ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ അരോമ മണിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ചേര്‍ത്തലയിലെ മുഹമ്മയില്‍ മാമ്പഴക്കാലത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications