ദിലീപിനൊപ്പം തുടങ്ങിയാല്‍...
ദിലീപിനൊപ്പം തുടങ്ങിയാല്‍...
സപ്തംബര്‍ 06, 2004
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന് രണ്ട് നായികമാരാണ്- ഹരിപ്രിയയും സംവൃതയും.
കണ്ണൂര്‍ സ്വദേശിയും എറണാകുളം സെന്റ്തെരേസാസ് കോളജിലെ വിദ്യാര്‍ഥിനിയുമായ സംവൃതക്ക് ഈ ദിലീപ് ചിത്രം അരങ്ങേറ്റചിത്രമാണ്. ആന്ധ്രക്കാരിയായ ഹരിപ്രിയ മലയാളത്തില്‍ ഇത് രണ്ടാം വട്ടമാണ് ഭാഗ്യപരീക്ഷണത്തിനെത്തുന്നത്. ആദ്യചിത്രമായ വര്‍ണക്കാഴ്ചകളുടെ പരാജയത്തെ തുടര്‍ന്ന് മലയാളത്തില്‍ പിന്നീട് അവസരങ്ങളൊന്നും ലഭിക്കാതിരുന്ന ഹരിപ്രിയക്ക് ഫലത്തില്‍ ഇത് സിനിമയിലെ രണ്ടാം ജന്മമാണ്. ഒരു രണ്ടാം അരങ്ങേറ്റത്തിന് തുല്യം.
ദിലീപിന്റെ നായികയായി അഭിനയിക്കുക എന്നത് ഒരു തുടക്കക്കാരിയെ സംബന്ധിച്ചിടത്തോളം ഒന്നാന്തരം അരങ്ങേറ്റം തന്നെ. മലയാളിയായ സംവൃതക്ക് ദിലീപിനൊപ്പമുള്ള ആദ്യചിത്രത്തില്‍ പ്രതീക്ഷകളേറെയുണ്ട്. എന്നാല്‍ അന്യനാട്ടുകാരിയായ ഹരിപ്രിയക്ക് മുന്നില്‍ ദിലീപിനൊപ്പം മലയാളത്തില്‍ അഭിനയിച്ച അന്യഭാഷാനടികളുടെ നിര്‍ഭാഗ്യത്തിന്റെ കഥയാണുള്ളത്. ദിലീപിപിനൊപ്പം തുടക്കമിട്ട മലയാളികളായ നടികളെല്ലാം തന്നെ മുന്‍നിരയിലേക്ക് വളര്‍ന്നിട്ടുണ്ടെങ്കില്‍ ദിലീപിന്റെ ജോഡിയായി മലയാളത്തില്‍ അഭിനയിച്ച അന്യഭാഷാ നടികളുടെ കാര്യം നേരെ തിരിച്ചാണ്. ഒന്നോ രണ്ടോ ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാളത്തിലെ അവരുടെ സാന്നിധ്യം അവസാനിച്ചതായാണ് അനുഭവം. ആദ്യചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിക്കുന്നത് വരാനിരിക്കുന്ന നല്ല ഭാവിയുടെ തുടക്കമായാണ് സംവൃത കാണുന്നതെങ്കില്‍ ഹരിപ്രിയക്ക് മുന്നില്‍ ദിലീപിനൊപ്പം അഭിനയിച്ച അന്യഭാഷാനടികളുടെ കൂട്ടത്തില്‍ തനിക്കൊരു അപവാദമാകാന്‍ കഴിയുമോ എന്ന ആശങ്കയാണ്.
മലയാളത്തിലെ ഒന്നാം നിരയില്‍ തിളങ്ങിയ പല മലയാളി നടിമാരും ദിലീപിന്റെ നായികയായാണ് തുടക്കമിട്ടത്. പില്‍ക്കാലത്ത് ദിലീപിന്റെ ജീവിതത്തിലേക്ക് തന്നെ കടന്നുവന്ന മഞ്ജു വാര്യര്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. മഞ്ജുവാര്യര്‍ നായികയായി അഭിനയിച്ച ആദ്യചിത്രമായ സല്ലാപത്തില്‍ ദിലീപായിരുന്നു നായകന്‍. ദിലീപിന്റെ നായികയായി തുടങ്ങിയ സല്ലാപത്തിന് ശേഷം മഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ദിലീപും ഈ ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്.
കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കമിട്ട ദിവ്യാ ഉണ്ണിയുടെയും ആദ്യചിത്രത്തിലെ നായകന്‍ ദിലീപായിരുന്നു. ആദ്യചിത്രത്തോടെ തന്നെ മലയാളത്തിലെ ഒന്നാം നിര നടിയായി ദിവ്യാ ഉണ്ണി വളര്‍ന്നു.
മലയാളത്തിലെ ഇപ്പോഴത്തെ മുന്‍നിര നടിമാരായ മീരാ ജാസ്മിനും കാവ്യാ മാധവനും നവ്യാ നായരും ദിലീപിന്റെ നായികയായാണ് സിനിമയില്‍ അരങ്ങേറിയത്. ബാലതാരമായി ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാവ്യാ മാധവന്‍ ആദ്യമായി നായികയാവുന്നത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ്. ആ ചിത്രത്തില്‍ ദിലീപിന്റെ ജോഡിയായിരുന്നു കാവ്യ. ഇപ്പോഴും മലയാളത്തിലെ മുന്‍നിരയില്‍ തിളങ്ങുന്ന കാവ്യ പിന്നീട് ദിലീപിന്റെ ജോഡിയായി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
നവ്യാ നായരുടെ ആദ്യചിത്രമായ ഇഷ്ടത്തിലും ദിലീപായിരുന്നു നായകന്‍. ഈ ചിത്രത്തിന്റെ വിജയത്തോടെ ഒന്നാം നിര നടിയായി നവ്യ ശ്രദ്ധിക്കപ്പെട്ടു. ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന മീരാ ജാസ്മിനും ദിലീപിന്റെ നായികയായാണ് സിനിമയിലെത്തിയത്. സൂത്രധാരന്‍ എന്ന ചിത്രത്തില്‍ മീരയുടെ നായകന്‍ ദിലീപായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിലെ മുന്‍നിരയില്‍ തിളങ്ങിനിന്ന, തിളങ്ങിനില്‍ക്കുന്ന ഏതാനും നടിമാര്‍ ദിലീപിന്റെ നായികയായാണ് തുടങ്ങിയതെന്ന സവിശേഷത സംവൃതക്ക് ആശിക്കാന്‍ ഏറെ വക നല്‍കുന്നു.
മലയാളി നടിമാരുടെ കാര്യമിതാണെങ്കില്‍ ദിലീപിന്റെ നായികയായി മലയാളത്തില്‍ അഭിനയിച്ച അന്യഭാഷാ നടിമാരുടെ കാര്യം നേരെ തിരിച്ചാണ്. മേഘത്തില്‍ ദിലീപിന്റെ നായികയായ ഹിന്ദി നടി പ്രിയാ ഗില്‍, മിന്നാമിനുങ്ങും മിന്നുകെട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സുലേഖ എന്നിവര്‍ക്ക് മലയാളത്തില്‍ പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചില്ല. മിസ്റര്‍ ബട്ലര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ കന്നഡ നടിക്ക് പിന്നീട് മലയാളത്തില്‍ അവസരങ്ങളൊന്നും ലഭിച്ചില്ല.
ഹരിപ്രിയയുടെ മുന്നില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച ഈ അന്യഭാഷാ നടിമാരുടെ നിര്‍ഭാഗ്യത്തിന്റെ കഥയാണുള്ളത്. ഇവര്‍ക്കിടയില്‍ ഒരു അപവാദമാകാന്‍ കഴിയണേ എന്ന പ്രാര്‍ഥനയിലാണ് ഈ നടി.
കരിഷ്മ എന്ന കഥാപാത്രമായാണ് ഹരിപ്രിയ രസികനില്‍ അഭിനയിക്കുന്നത്. നഗരത്തിലെ കോളജില്‍ പഠിക്കുന്ന പരിഷ്കാരിയായ കരിഷ്മ ദിലീപ് അവതരിപ്പിക്കുന്ന ശിവന്‍കുട്ടി എന്ന കഥാപാത്രത്തോടുള്ള പ്രണയം മനസില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിയാണ്. ദീലിപിന്റെ മുറപ്പെണ്ണായ തങ്കിയായാണ് സംവൃത അഭിനയിക്കുന്നത്.


Click it and Unblock the Notifications











