ആനപ്പാപ്പാത്തിയായി കാവ്യ
ആനപ്പാപ്പാത്തിയായി കാവ്യ
സപ്തംബര്‍ 08, 2004
ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന അന്നൊരിക്കല്‍ എന്ന ചിത്രത്തിലെ പൊന്നു എന്ന കഥാപാത്രം കാവ്യാ മാധവന് ലഭിച്ചിരിക്കുന്ന ഏറെ അഭിനയ പ്രധാനമായ വേഷമാണ്. ശരത്ചന്ദ്രന്‍ വയനാട് തന്റെ അടുത്ത ചിത്രത്തിലും കാവ്യക്കായി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഒരുക്കിയിരിക്കുന്നത്.
ആനപ്പാപ്പാത്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് കാവ്യ പ്രത്യക്ഷപ്പെടുന്നത്. പുരുഷനെ പോലെ ആനയെ മെരുക്കുന്ന തങ്കമണി എന്ന കഥാപാത്രത്തെയാണ് കാവ്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഗ്രാമാന്തരീക്ഷത്തില്‍ വളരെ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഇതിവൃത്തം ഒരു പെണ്‍കുട്ടിയും ആനയും തമ്മിലുള്ള അസാധാരണമായ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന തങ്കമണിയുടെ കളിക്കൂട്ടുകാരനാണ് ആന. ഒരു ഘട്ടത്തില്‍ ആനയെ വിട്ടുപിരിയേണ്ടിവന്നത് അവളുടെ മനസില്‍ ആഴമേറിയ വേദനയായി മാറി. എന്നാല്‍ അവളെ തേടി ആന വീണ്ടുമെത്തി. പുരുഷനെ പോലെ ആനയെ മെരുക്കുന്ന തങ്കമണി ഗ്രാമത്തിന് മുഴുവന്‍ കൗതുകമായി. ഒപ്പം തങ്കമണിയുടെ ജീവിതവും സംഘര്‍ഷഭരിതമായി.
ജീവിതത്തില്‍ ഒറ്റപ്പെട്ട പൊന്നു എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന അന്നൊരിക്കല്‍ എന്ന ചിത്രത്തിന് ശേഷമായിരിക്കും ശരത്ചന്ദ്രന്‍ വയനാട് ആനപ്പാപ്പാത്തിയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.
പൊന്നുവിന് പിന്നാലെ വളരെ ശക്തവും വ്യത്യസ്തവുമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം വന്നതില്‍ ഏറെ സന്തുഷ്ടയാണ് കാവ്യ.


Click it and Unblock the Notifications