ചാര്‍ളിയുടെ വെള്ളിമാലയും കുരിശും
ചാര്‍ളിയുടെ വെള്ളിമാലയും കുരിശും
സപ്തംബര്‍ 08, 2004
ഓണച്ചിത്രങ്ങളിലൊന്നായ നാട്ടുരാജാവിന് ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മീശപിരിയന്‍ വീരനായകവേഷത്തിലേക്കുള്ള മോഹന്‍ലാലിന്റെ തിരിച്ചുപ്പോക്കിനെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നുവെന്നാണ് ചിത്രത്തെ കുറിച്ചുള്ള ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോഹന്‍ലാല്‍ വീരനായകവേഷം അവതരിപ്പിക്കുന്ന ചിത്രങ്ങളിലെ ലാലിന്റെ മാനറിസങ്ങളും വേഷത്തിലെ പ്രത്യേകതകളും ആരാധകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായി തീരാറുണ്ട്. നരസിംഹത്തിലെ നീലയും കറുപ്പും നിറങ്ങളിലുള്ള മുണ്ട് ലാല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയതു പോലെ നാട്ടുരാജാവിലെ മോഹന്‍ലാലിന്റെ വേഷസവിശേഷതകളും ആരാധകര്‍ക്കിടയില്‍ സ്വാധീനം സൃഷ്ടിച്ചിരിക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ധരിക്കുന്ന വെള്ളിമാലയും കുരിശുമാണ് ആരാധകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായി തീര്‍ന്നിരിക്കുന്നത്.
പൊതുവെ വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും കാര്യത്തില്‍ അങ്ങേത്തലക്കല്‍ നില്‍ക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ ചിത്രത്തിലെ വെള്ളിമാലയും കുരിശും ചര്‍ച്ചാവിഷയമായി കഴിഞ്ഞു. സിനിമയുടെ വിജയത്തിന്റെ ഒരു പ്രതീകമെന്ന മട്ടിലാണ് വെള്ളിമാലയും കുരിശും കണക്കാക്കപ്പെടുന്നത്.
നാട്ടുരാജാവിന്റെ തിരക്കഥയെഴുതിയ ടി. എ. ഷാഹിദ് മോഹന്‍ലാല്‍ കഥാപാത്രമായ ചാര്‍ളി ഒരു ദൈവവിശ്വാസിയാണെന്ന് കാണിക്കുന്നതിനായി വെള്ളിമാലയും കുരിശും കഴുത്തില്‍ അണിയുന്ന കഥാപാത്രത്തിന് രൂപം നല്‍കുകയായിരുന്നു. ചിത്രത്തില്‍ ലാല്‍ ധരിക്കുന്ന വെള്ളിമാലയ്ക്കും കുരിശിനും പിന്നില്‍ ഒരു കഥയുണ്ട്.
ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് ഒരു വിമാനയാത്രക്കിടയില്‍ പരിചയപ്പെട്ട യാത്രക്കാരനാണ് മോഹന്‍ലാല്‍ സിനിമയില്‍ ധരിക്കുന്ന വെള്ളിമാലയുടെയും കുരിശിന്റെയും യഥാര്‍ഥ ഉടമ. മോഹന്‍ലാലിന്റെ ആരാധകനായ ഈ യാത്രക്കാരനുമായി തന്റെ അടുത്ത ചിത്രത്തിലെ ലാല്‍ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കഴുത്തില്‍ അണിഞ്ഞിരുന്ന വെള്ളിമാലയും കുരിശും താന്‍ ആരാധിക്കുന്ന താരത്തിനുള്ള സമ്മാനമെന്ന നിലയില്‍ ഷാജിക്ക് നല്‍കുകയായിരുന്നുവത്രെ.
സ്പെയിനിലെ ഒരു പള്ളിയുമായി ബന്ധമുള്ളതാണ് ഈ വെളളിമാലയും കുരിശും. പഴക്കവും പ്രത്യേകതകളുമുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഏറെ താത്പര്യമുള്ള മോഹന്‍ലാല്‍ ഈ വെള്ളിമാലയും കുരിശും സൂക്ഷിച്ചുവച്ചിട്ടുണ്ട്.


Click it and Unblock the Notifications