twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണത്തിന് ദാദയായി ജയറാമും

    By Staff
    |

    ഓണത്തിന് ദാദയായി ജയറാമും
    സപ്തംബര്‍ 8, 2005

    കരിയറിലെ ഏറ്റവും മോശപ്പെട്ട സമയമാണ് ജയറാമിന് ഇപ്പോള്‍. ഈ വര്‍ഷം ജയറാം ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്‍പരാജയം ഏറ്റുവാങ്ങുന്നതാണ് കണ്ടത്. ഫിംഗര്‍പ്രിന്റ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, പൗരന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ക്കു മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ വന്‍നഷ്ടമാണ് വരുത്തിവച്ചത്.

    ശരാശരി വിജയമെങ്കിലും നേടിത്തരുന്ന ഒരു സിനിമ ജയറാമിനെ സംബന്ധിച്ച് ഇപ്പോള്‍ ഒരു അനിവാര്യതയായി തീര്‍ന്നിരിക്കുന്നു. കരിയറിലെ തിരിച്ചുവരവിന് ഒരു വിജയത്തിനായി ഉറ്റുനോക്കുന്ന ജയറാം ആ പ്രതീക്ഷയോടെ ഓണത്തിനെത്തിക്കുന്നത് മാസങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായ ഒരു ചിത്രമാണ്- സര്‍ക്കാര്‍ ദാദ. നേരത്തെ ഓണച്ചിത്രങ്ങളുടെ ചാര്‍ട്ടിലില്ലായിരുന്ന സര്‍ക്കാര്‍ ദാദയെ ഓണത്തിനെത്തിക്കാന്‍ വൈകിയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

    ചിത്രീകരണവും ചിത്രീകരണാനന്തര ജോലികളും പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ദാദ ചില കാരണങ്ങളാല്‍ റിലീസിംഗ് വൈകി പെട്ടിയില്‍ കിടക്കുകയായിരുന്നു. ജയറാമിന്റെ ഫിംഗര്‍പ്രിന്റ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്നീ ചിത്രങ്ങള്‍ക്കു മുമ്പു തന്നെ പൂര്‍ത്തിയായ ചിത്രമാണ് സര്‍ക്കാര്‍ ദാദ. എന്നാല്‍ റിലീസിംഗ് സംബന്ധിച്ച് ഈ ചിത്രങ്ങളുടെ നിര്‍മാതാക്കളുമായി നിലനിന്ന തര്‍ക്കമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ വൈകിച്ചത്. ഈ വര്‍ഷത്തെ ആദ്യത്തെ ജയറാം ചിത്രമായി ഫിംഗര്‍പ്രിന്റ് റിലീസായതിനു ശേഷം വിഷുചിത്രമെന്ന നിലയില്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്റാണെത്തിയത്. സര്‍ക്കാര്‍ ദാദയേക്കാള്‍ സിബി മലയിലിന്റെ ചിത്രത്തില്‍ ജയറാം വിശ്വാസമര്‍പ്പിച്ചതു കാരണമാണ് വിഷുചിത്രമായി ആലീസ് ഇന്‍ വണ്ടര്‍ലാന്റ് റിലീസ് ചെയ്തത്. എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ച് ആലീസ് ഇന്‍ വണ്ടര്‍ലാന്റ് ദയനീയമായി പരാജയപ്പെട്ടു. ശശിശങ്കര്‍ സംവിധാനം ചെയ്ത സര്‍ക്കാര്‍ ദാദ അപ്പോഴും പെട്ടിയില്‍ കിടന്നു.

    ആലീസ് ഇന്‍ വണ്ടര്‍ലാന്റിനു ശേഷം റിലീസ് ചെയ്ത ജയറാം ചിത്രം സര്‍ക്കാര്‍ ദാദക്കു മുമ്പേ പൂര്‍ത്തിയാക്കിയ പൗരനാണ്. പൗരനും പരാജയം ഏറ്റുവാങ്ങിയതോടെ സര്‍ക്കാര്‍ ദാദക്കു മോചനമായി. ആലീസ് ഇന്‍ വണ്ടര്‍ലാന്റിനു ശേഷം കഴിഞ്ഞ നാല് മാസക്കാലം ഒരു ചിത്രത്തില്‍ പോലും അഭിനയിക്കാതിരുന്ന ജയറാം ഓണച്ചിത്രമെന്ന നിലയില്‍ സര്‍ക്കാര്‍ ദാദയെ തിയേറ്ററിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങളോട് മത്സരിക്കുന്ന ഓണച്ചിത്രമായി തിരുവോണനാളിലാണ് സര്‍ക്കാര്‍ ദാദ തിയേറ്ററുകളിലെത്തുന്നത്- വിഷുവിന് മറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ആലീസ് ഇന്‍ വണ്ടര്‍ലാന്റിന്റെ ദുര്യോഗം ഈ ചിത്രത്തിനുണ്ടാവരുതേയെന്ന ജയറാമിന്റെയും നിര്‍മാതാവിന്റെയും വിതരണക്കാരുടെയും പ്രാര്‍ഥനയോടെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X