പുതുമുഖ ചിത്രം ബിഗ് ബജറ്റില്‍
പുതുമുഖ ചിത്രം ബിഗ് ബജറ്റില്‍
സപ്തംബര്‍ 12, 2006
സൂപ്പര്‍താര ചിത്രങ്ങള്‍ അരങ്ങുവാഴുന്ന മലയാളത്തില്‍ വല്ലപ്പോഴും യുവതാര ചിത്രങ്ങളെത്തുന്നത് ശരാശരി വിജയമെങ്കിലും നേടിയാല്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ലാഭകരമാവുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ ആ പതിവ് തെറ്റിക്കുകയാണ് പുതുമുഖങ്ങളെ അണിനിരത്തി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നോട്ട്ബുക്ക്് എന്ന ചിത്രം.
ഈ ചിത്രത്തിന്റെ ലൊക്കേഷനു നല്‍കുന്ന വാടകയിനത്തില്‍ മാത്രം അമ്പത് ലക്ഷം രൂപയിലേറെയാണ് ചെലവ്. കൗമാര മനസുകളുടെ കഥ പറയുന്ന നോട്ട്ബുക്കിന്റെ ചിത്രീകരണം ഏറെയും നടക്കുന്നത് ഊട്ടിയിലെ ലോറന്‍സ് സ്കൂളിലാണ്. ഡിഫന്‍സിനു കീഴിലുള്ള ഈ സ്കൂളില്‍ ഷൂട്ടിംഗ് നടത്തുന്നതിന് ഒരു ദിവസം ഒന്നര ലക്ഷം രൂപയാണ് നല്‍കേണ്ടത്. സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രങ്ങളുടെ ബജറ്റ് ഒരു കോടിയിലോ ഒന്നര കോടിയിലോ ഒതുക്കാറുള്ളപ്പോഴാണ് പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ലൊക്കേഷന്‍ വാടകയ്ക്കു മാത്രമായി അര കോടിയിലേറെ രൂപ ചെലവഴിക്കുന്നത്.
ചിത്രത്തിന്റെ പ്രമേയത്തിന് ഊട്ടിയിലെ പോഷ് സ്കൂളിന്റെ എല്ലാ വര്‍ണാഭമായ പശ്ചാത്തലവും വേണമെന്നുള്ളതു കൊണ്ടാണ് ഇത്രയും രൂപ വാടകയിനത്തില്‍ നല്‍കി ചിത്രീകരണം നടത്തുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പി.വി.ഗംഗാധരന്‍ പറഞ്ഞു.
ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിച്ചു പഠിക്കുന്ന ആറു പേരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സൂരജ്, മരിയ, പൂജ, റോമ, വീണ, മെജോ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാവുന്നത് സൂരജ്, മരിയ, പൂജ, റോമ എന്നിവരാണ്.
വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അകന്ന് ബോഡിംഗില്‍ കഴിയുന്ന കൗമാരപ്രായക്കാരുടെ ലോകത്തിലേക്കാണ് റോഷന്‍ ഇത്തവണ ക്യാമറ ചലിപ്പിക്കുന്നത്.


Click it and Unblock the Notifications