കചദേവയാനി ചലച്ചിത്രമാകുന്നു
കചദേവയാനി ചലച്ചിത്രമാകുന്നു
സപ്തംബര്‍ 14, 2002
പുരാണത്തിലെ തീവ്രപ്രണയത്തിന്റെ ഏടുകളായ കചദേവയാനിമാരുടെ കഥ ചലച്ചിത്രമാകുന്നു. ജോസ് മൈലാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കചദേവയാനി എന്നാണ് പേരിട്ടിരിക്കുന്നത്.
വിന്റര്‍ എന്ന ആദ്യചിത്രത്തിന് ശേഷം ജോസ് മൈലാന്‍ ഒരുക്കുന്ന ചിത്രമാണ് കചദേവയാനി. അമേരിക്കന്‍ നടി മിയാസ്റാലിനായിരുന്നു വിന്ററില്‍ നായികയായി അഭിനയിച്ചത്.
ശുക്രാചാര്യനില്‍ നിന്ന് മൃതസഞ്ജീവനി മന്ത്രം പഠിച്ചെടുക്കാന്‍ വേഷപ്രഛന്നനായി എത്തുന്ന കചനും ശുക്രന്റെ പുത്രി ദേവയാനിയും തമ്മിലുള്ള പ്രണയം പുരാണത്തിലെ ഒരു തീവ്രാനുരാഗ കഥയാണ്. മൂലകഥയില്‍ നിന്നുള്ള ചില വ്യതിയാനങ്ങളോടെയാണ് ജോസ് മൈലാന്‍ തന്റെ ചിത്രമൊരുക്കുന്നത്.
കചനായി അഭിനയിക്കുന്നത് ഹിന്ദി നടന്‍ രാജേഷ് കപൂറാണ്. ബംഗാളി നടി പുഷ്പിതാ മുക്കര്‍ജി ദേവയാനിയെ അവതരിപ്പിക്കുന്നു. മുരളി, നിഷാന്ത് സാഗര്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ടി. എസ്. രാജു, ഇന്ദ്രന്‍സ്, ദേവന്‍, കൊച്ചുപ്രേമന്‍, അംബിക എന്നീ പ്രമുഖ അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നു.
കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ചിത്രമൊരുക്കുന്നത്. കെ. ജയകുമാറിന്റെ ഗാനങ്ങള്‍ക്ക് ബോംബെ രവി സംഗീതം പകരുന്നു. യേശുദാസും ചിത്രയുമാണ് ഗായകര്‍. ഛായാഗ്രഹണം വിപിന്‍ദാസ്. ചിത്രീകരണം നടക്കുന്നത് മലമ്പുഴയിലാണ്.


Click it and Unblock the Notifications