twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലാസ്മേറ്റ്സ് മുന്നില്‍, സൂപ്പര്‍താരങ്ങള്‍ പിന്നില്‍

    By Staff
    |

    ക്ലാസ്മേറ്റ്സ് മുന്നില്‍, സൂപ്പര്‍താരങ്ങള്‍ പിന്നില്‍
    സപ്തംബര്‍ 15, 2006

    ഓണത്തിനെത്തിയ സൂപ്പര്‍താര ചിത്രങ്ങളുമായി മത്സരിച്ച് ഒരു യുവതാര ചിത്രം മുന്നിലെത്തുക. അതും സൂപ്പര്‍താര ആധിപത്യം എക്കാലത്തേക്കാളും മലയാള സിനിമയില്‍ പിടിമുറുക്കിയിരിക്കുന്ന വേളയില്‍. ഫോര്‍മുലകളില്‍ തളഞ്ഞുകിടക്കുന്ന നമ്മുടെ സിനിമാ ലോകത്തിന് സങ്കല്പിക്കാന്‍ പോലുമാവാത്ത കാര്യം. എന്നാല്‍ ലാല്‍ ജോസ് എന്ന സംവിധായകനും ജെയിംസ് ആല്‍ബര്‍ട്ട് എന്ന തിരക്കഥാകൃത്തും അത്് സാധ്യമാക്കിയിരിക്കുകയാണ്.

    മലയാളത്തില്‍ സൂപ്പര്‍താരങ്ങളില്ലാതെ ഒരു സൂപ്പര്‍ഹിറ്റ് അസാധ്യമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴാണ് ഓണച്ചിത്രങ്ങളില്‍ ക്ലാസ്മേറ്റ്സ് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ചിത്രമായി മാറിയിരിക്കുന്നത്. പ്രേക്ഷകാഭിപ്രായമെന്ന പരസ്യത്തിലൂടെ ഓരോ ദിവസവും കഴിയുന്താേേറും കളക്ഷന്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ചിത്രം ഓണച്ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം കൊയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

    സൂപ്പര്‍ഹിറ്റിന് സൂപ്പര്‍താരം വേണമെന്ന ഫോര്‍മുലയാണ് ക്ലാസ്മേറ്റ്സ് അഴിച്ചുപണിയുന്നത്. പൃഥ്വിരാജ്, ജയസൂര്യ, നരേന്‍, ഇന്ദ്രജിത്ത് എന്നീ നാല് യുവതാരങ്ങള്‍ സൂപ്പര്‍താരങ്ങളെ മറികടക്കുന്ന കാഴ്ച. യുവതാര ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ വിജയസാധ്യതയില്ലെന്ന വിലയിരുത്തലുകളെ തകര്‍ക്കുന്ന ക്ലാസ്മേറ്റ്സ് കഥപറച്ചിലാണ് ഒരു സിനിമയുടെ വിജയം നിര്‍ണയിക്കുന്നതെന്ന് തെളിയിച്ചിരിക്കുന്നു.

    ഗൃഹാതുരമായ കാമ്പസ് കാഴ്ചകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ആവിഷ്കരിക്കാന്‍ ലാല്‍ ജോസിനും തിരക്കഥാകൃത്ത് ജെയിംസിനും ആല്‍ബര്‍ട്ടിനും സാധിച്ചതാണ് ക്ലാസ്മേറ്റ്സിന്റെ വിജയത്തിനു പിന്നില്‍. യഥാര്‍ത്ഥ കാമ്പസുമായി അകലം പാലിക്കുന്ന, സിനിമയില്‍ മാത്രം കാണാന്‍ കഴിയുന്ന കാമ്പസ് ലോകം ഒരുക്കുന്ന പതിവ് കാമ്പസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ക്ലാസ്മേറ്റ്സ്. കാമ്പസിന്റെ ഗൃഹാതുരമായ ഓര്‍മകളിലേക്ക് പ്രേക്ഷകനെ നയിക്കുന്ന ദൃശ്യങ്ങളാലും മുഹൂര്‍ത്തങ്ങളാലും സമ്പന്നമാണ് ഈ ചിത്രം.

    ഏതെങ്കിലും ഒരു താരത്തെ മാത്രം കേന്ദ്രീകരിച്ച് സിനിമകളൊരുക്കുന്ന പതിവില്‍ നിന്നും വ്യത്യസ്തമായി പ്രധാന കഥാപാത്രങ്ങളായി വരുന്ന ആറ് താരങ്ങളും നിറഞ്ഞു നില്‍ക്കുന്നു ക്ലാസ്മേറ്റ്സില്‍. യുവതാരങ്ങളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ ലാല്‍ ജോസ് പൂര്‍ണമായും വിജയിക്കുകയും ചെയ്തു. പൃഥ്വിരാജ്, ജയസൂര്യ, നരേന്‍, ഇന്ദ്രജിത്ത്, കാവ്യമാധവന്‍, രാധിക എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസിനെ സ്പര്‍ശിക്കുന്നുണ്ട്.

    ആദ്യദിവസങ്ങളില്‍ താരതമ്യേന കുറഞ്ഞ പ്രേക്ഷകര്‍ മാത്രമേ ക്ലാസ്മേറ്റ്സ് കാണാനെത്തിയുള്ളൂ. അതേ സമയം ഓണത്തിനെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മികച്ച ഇനീഷ്യല്‍ പുള്‍ ലഭിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രംഗം മാറി. സൂപ്പര്‍താരചിത്രങ്ങളെ പിന്നിലാക്കി ക്ലാസ്മേറ്റ്സ് മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നിലായി. ഇപ്പോള്‍ റിലീസ് ചെയ്ത മിക്കവാറും എല്ലാ കേന്ദ്രങ്ങളിലും സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ മികച്ച കളക്ഷനാണ് ക്ലാസ്മേറ്റ്സ് നേടിക്കൊണ്ടിരിക്കുന്നത്.

    മൂന്ന് വര്‍ഷം മുമ്പ് സ്വപ്നക്കൂട് എന്ന യുവതാര ചിത്രം ഓണത്തിന് സൂപ്പര്‍താര ചിത്രങ്ങളുമായി മത്സരിക്കാനെത്തി. യുവതാര തരംഗം നിലനില്‍ക്കുന്ന സമയമായിരുന്നു അന്ന്. ചിത്രം ഹിറ്റായെങ്കിലും ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രം നേടിയ വന്‍വിജയത്തിനു പിന്നിലായിരുന്നു ബോക്സോഫീസില്‍ സ്വപ്നക്കൂടിന്റെ സ്ഥാനം. പിന്നീട് യുവതാര തരംഗം തന്നെ ഇല്ലാതായി. യുവതാരങ്ങളെ വച്ച് സിനിമകളെടുത്താന്‍ ഓടില്ലെന്ന നിഗമനത്തിലെത്തി നിര്‍മാതാക്കളും സംവിധായകരും. സൂപ്പര്‍താരങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം മലയാളത്തില്‍ പിടിമുറുക്കുകയും ചെയ്തു.

    മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ യുവതാരങ്ങള്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. സ്വപ്നക്കൂട് നേടിയതിനേക്കാള്‍ എത്രയോ വലിയ വിജയവുമായി. ബോക്സോഫീസില്‍ ഓണത്തിനെത്തിയ മറ്റ് സൂപ്പര്‍താര ചിത്രങ്ങളെ പിന്നിലാക്കി സ്വപ്നസമാനമായ വിജയം. ട്രെന്റുകളുടെ പിന്നിലാകെ പോകുന്ന സിനിമാലോകത്തെ അതിശയപ്പെടുത്തുന്ന, സിനിമയുടെ ഭാവിക്ക് തീര്‍ത്തും ആരോഗ്യകരമായ വിജയമാണ് ക്ലാസ്മേറ്റ്സ് നേടിയിരിക്കുന്നത്. താരങ്ങളല്ല, കഥയാണ് സിനിമയ്ക്ക് പരമപ്രധാനമെന്ന സന്ദേശം നല്‍കി ക്ലാസ്മേറ്റ്സ് വിജയാഘോഷത്തിലാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X