ഓണം ലാലും രഞ്ജിത്തും സ്വന്തമാക്കി

By Staff

ഓണം ലാലും രഞ്ജിത്തും സ്വന്തമാക്കി
സപ്തംബര്‍ 16, 2003

ഇത്തവണ ഓണത്തിനെത്തിയത് നാല് ചിത്രങ്ങളാണ്. ഏറെ പ്രതീക്ഷകളോടെയും അവകാശവാദങ്ങളോടെയുമെത്തിയ രണ്ട് ചിത്രങ്ങള്‍ ബോക്സോഫീസില്‍ പതറിയപ്പോള്‍ വിജയിക്കുമെന്ന പ്രതീക്ഷ അത്രത്തോളമില്ലാതിരുന്ന രണ്ട് ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമുണ്ടായതാണ് ഇത്തവണത്തെ ഓണച്ചിത്രങ്ങളുടെ വിശേഷം.

ഈ ഓണം മോഹന്‍ലാലിന്റേതായിരുന്നു. സിനിമാ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നത് ആഘോഷസമൃദ്ധിയോടെ കൊണ്ടാടുന്ന മുഹൂര്‍ത്തം ലാലിന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ വേളയായിരുന്നു. ഈയാഘോഷവേളയില്‍ പുറത്തിറങ്ങുന്ന ചിത്രം വിജയമാവുക എന്നത് ലാലിന്റെ ആവശ്യമായിരുന്നു.

ലാലിന്റെ ഓണച്ചിത്രമായ ബാലേട്ടന്‍ വലിയ പ്രതീക്ഷകളുണര്‍ത്താതെയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ഒരുക്കിയിരിക്കുന്നത് രണ്ടാം നിര സംവിധായകനായ വി. എം. വിനു. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ ടി. എ. ഷാഹിദ്. അമാനുഷികന്റെ കളിയാട്ടങ്ങളോ നെടുനീളന്‍ ഡയലോഗുകളോ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന തകര്‍പ്പന്‍ മുഹൂര്‍ത്തങ്ങളോ ഇല്ല. തുടര്‍ച്ചയായ മൂന്നോ നാലോ ചിത്രങ്ങളുടെ പരാജയത്തിന്റെ ഭാരവും ലാലിനെ വേട്ടയാടുന്നു.

എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്തായി. അഭിനയജീവിതത്തിലെ 25-ാം വാര്‍ഷികാഘോഷം അവിസ്മരണീയമാക്കാന്‍ ബാലേട്ടന്‍ കൂടി ലാലിനെ സഹായിച്ചു. ബാലേട്ടന്‍ സ്വീകാര്യനായതോടെ ലാലേട്ടനെ കുടുംബ പ്രേക്ഷകര്‍ക്ക് തിരിച്ചുകിട്ടി. ഓണച്ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം ബാലേട്ടന് പ്രേക്ഷകര്‍ സമ്മാനിക്കുകയും ചെയ്തു. ജീവിതഗന്ധമുള്ള കഥയും മോഹന്‍ലാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാവുന്ന കഥാപാത്രങ്ങളിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രതീതിയും ബാലേട്ടനെ തുണച്ചു.

സൂപ്പര്‍താര പരിവേഷവും വലിയ അവകാശവാദങ്ങളുമായി ഓണവിപണി കീഴടക്കാനെത്തിയ ചിത്രങ്ങള്‍ക്കിടയില്‍ സഭാകമ്പത്തോടെയും പരുങ്ങലോടെയുമാണ് മിഴി രണ്ടിലും എന്ന ചിത്രമെത്തിയത്. ചിത്രം പെട്ടിയിലായിട്ട് കുറച്ചുനാളായിട്ടും റിലീസിംഗ് വൈകിയത് ഈ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് ചങ്കിടിപ്പ് കൂട്ടാന്‍ കാരണമായി. എന്നാല്‍ സിനിമയില്‍ സൂപ്പര്‍സ്റാര്‍ കഥയാണ് എന്ന സംവിധായകന്‍ വിനയന്റെ വാചകം എത്രയോ ശരിയെന്ന് അടിവരയിട്ട് മിഴി രണ്ടിലും എന്ന ചിത്രത്തെ കൈ രണ്ടും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു.

നന്ദനം വലിയ വിജയം സമ്മാനിച്ചതിന്റെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് മിഴി രണ്ടിലും. താരപരിവേഷം അവകാശപ്പെടാനില്ലാത്ത ചിത്രം. എത്രയോ കാലത്തിന് ശേഷം സ്ത്രീകഥാപാത്ര കേന്ദ്രിതമായ ഒരു കഥ പറയാന്‍ ധൈര്യം കാട്ടിയ രഞ്ജിത്ത് എന്ന സംവിധായകന്റെ ഭാവനാസമ്പത്തും രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്റെ രചനാവൈഭവവും നന്ദനത്തിന് ശേഷം മറ്റൊരു വിജയം കൂടി സൃഷ്ടിച്ചു. ജീവിതത്തിലേക്ക് വല്ലാതെയിറങ്ങിവരുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. കാവ്യാ മാധവന്‍ ഇരട്ടവേഷത്തില്‍ ഗംഭീരമായി അഭിനയിച്ച ചിത്രത്തെ പ്രേക്ഷകര്‍ എതിരേറ്റത് ജീവിതത്തിന്റെ മണവും നിറവമുള്ള മുഹൂര്‍ത്തങ്ങളാല്‍ കൊരുത്തതാണ് ഈ ചിത്രം എന്നതിനാലാണ്.

ഏറെ അവകാശവാദങ്ങളുമായെത്തിയ രണ്ട് ചിത്രങ്ങള്‍ ബോക്സോഫീസില്‍ ഉണ്ടാക്കിയ പ്രതികരണം അത്ര മികച്ചതല്ല. മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന്റെയും ലാല്‍ ജോസ് എന്ന താരപരിവേഷമുള്ള സംവിധായകന്റെയും സാന്നിധ്യമുള്ള പട്ടാളം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. എന്നാല്‍ പ്രതീക്ഷകള്‍ക്കൊപ്പിച്ച് ചിത്രത്തിന് ഉയരാനാവാതെ പോയത് ബോക്സോഫീസില്‍ തിരിച്ചടിയായി. മീശമാധവന്‍ ആവര്‍ത്തിക്കാമെന്ന ലാല്‍ ജോസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി.

നമ്മളിന്റെ വിജയം ആവര്‍ത്തിക്കാനായി കമലിലൊരുക്കിയ ചിത്രമാണ് സ്വപ്നക്കൂട്. യുവാക്കളുടെ പ്രണയത്തിന്റെയും മോഹത്തിന്റെയും കഥ പറഞ്ഞ് വീണ്ടും വിജയകൊയ്ത്ത് നടത്താം എന്ന കമലിന്റെ പ്രതീക്ഷക്ക് തിരിച്ചടിയായത് കഥയിലെ പുതുമയില്ലായ്മയാണ്. ചില പഴയ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നുവെന്നതും ചിത്രത്തോടുള്ള പ്രേക്ഷക പ്രതികരണത്തെ ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X