ലാല്‍ ക്രിസ്മസിന് ആകാശഗോപുരത്തില്‍
ലാല്‍ ക്രിസ്മസിന് ആകാശഗോപുരത്തില്‍
സപ്തംബര്‍ 16, 2006
വാണിജ്യസിനിമയുടെ പതിവുശൈലിയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന തന്മാത്ര എന്ന ചിത്രവുമായാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ക്രിസ്മസിനെത്തിയത്. ഗംഭീരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനിന്ന ചിത്രം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയും ലാലിന് അംഗീകാരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു.
ഇത്തവണയും മോഹന്‍ലാല്‍ ക്രിസ്മസിനെത്തുന്നത് വാണിജ്യസിനിമയില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന മറ്റൊരു ചിത്രവുമായാണ്. കെ.പി.കുമാരന്റെ ആകാശഗോപുരം ആണ് ഇത്തവണത്തെ ലാലിന്റെ ക്രിസ്മസ് ചിത്രം.
ഇബ്സന്റെ ദി മാസ്റര്‍ ബില്‍ഡര്‍ എന്ന ക്ലാസിക്കിനെ ആസ്പദമാക്കി കെ.പി.കുമാരന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ലഭിച്ചിരിക്കുന്നത്. ശില്പിയായ ആല്‍ബര്‍ട്ട് സാംസണ്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
വിദേശത്ത് കഴിയുന്ന ആല്‍ബര്‍ട്ട് സാംസണ്‍ തന്റെ മേഖലയില്‍ ഏറെ പ്രശസ്തനാണ്. എന്നാല്‍ കലാജീവിതത്തിലെ വലിയ അംഗീകാരങ്ങള്‍ക്കിടയിലും കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ അയാളെ മഥിച്ചു. ഒപ്പം മറ്റൊരു പെണ്‍കുട്ടിയോട് തോന്നിയ പ്രണയം അയാളുടെ ജീവിതത്തെ സങ്കീര്‍ണമാക്കി. മാറ്റങ്ങള്‍ക്കു ശ്രമിക്കുമ്പോള്‍ ഒരു ദുരന്തമാണ് അയാളെ തേടിയെത്തിയത്.
മോഹന്‍ലാലിനൊപ്പം മനോജ് കെ.ജയന്‍, ശ്രീനിവാസന്‍, ഭരത്ഗോപി, ഗീതു മോഹന്‍ദാസ്, ശ്വേതാമേനോന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications