»   » കഥ: വിവാദം കൊഴുക്കുന്നു

കഥ: വിവാദം കൊഴുക്കുന്നു

Posted By:
Subscribe to Filmibeat Malayalam

കഥ: വിവാദം കൊഴുക്കുന്നു
സപ്തംബര്‍ 17, 2005

തിയേറ്ററുകളില്‍ റിലീസ് ചെയ്യാത്ത ചിത്രം ഉത്രാടം നാളില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണത്തിനെത്തിയത് സിനിമാലോകത്ത് വിവാദമാകുന്നു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത കഥ എന്ന ചിത്രം തിയേറ്റര്‍ റിലീസിംഗിന് മുമ്പ് ടിവിയില്‍ പ്രദര്‍ശിപ്പിച്ചതിന് ചിത്രത്തിന്റെ നിര്‍മാതാവും വിതരണക്കാരനുമായ രേവതി കലാമന്ദിര്‍ സുരേഷ്കുമാറിനെതിരെ മുറവിളിയുയരുകയാണ്.

മൂന്ന് വര്‍ഷം മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ കഥയുടെ റിലീസീംഗ് സാങ്കേതിക കാരണങ്ങളാലാണ് മുടങ്ങിയത്. വൈകിയാണെങ്കിലും ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. റിലീസിംഗിന്റെ മുന്നോടിയായി ടിവി ചാനലുകളില്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്തുതുടങ്ങിയിട്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നതിന്റെ സാങ്കേതിക തടസങ്ങള്‍ മറികടയ്ക്കാന്‍ സുരേഷ്കുമാറിന് കഴിഞ്ഞില്ല.

ഒടുവില്‍ ഏഷ്യാനെറ്റിന് സംപ്രേഷണാവകാശം വിറ്റ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിംഗ് എന്ന മോഹം ഉപേക്ഷിക്കാന്‍ സുരേഷ്കുമാര്‍ തയ്യാറാവുകയായിരുന്നു. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം തിയേറ്ററിലെത്തുന്നതിനു മുമ്പ് ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ടിവിയ്ക്കായി ഒരുക്കിയ മേഘമല്‍ഹാര്‍ പോലുള്ള ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയും പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയെടുക്കുകയും ചെയ്തിട്ടുള്ളപ്പോള്‍ റിലീസ് ചെയ്യാനാവാതെ ഒരു ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം ടിവിയില്‍ നടത്തേണ്ടിവന്നത് മലയാള സിനിമാ വ്യവസായത്തിന്റെ ഗതികേടിനെയാണ് കാണിക്കുന്നത്.

സുരേഷ് കുമാറിന്റെ വിവാദ തീരുമാനത്തിനെതിരെ സിനിമാരംഗത്തെ പലരും രംഗത്തു വന്നിട്ടുണ്ട്. തിയേറ്ററുകളില്‍ നിന്നും പണം വാങ്ങിയതിന് ശേഷം ടിവിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുവെന്നാണ് ആരോപണം. ചിത്രത്തിലെ നായകനായ പൃഥ്വിരാജിനും സംവിധായകന്‍ സുന്ദര്‍ദാസിനും പ്രതിഫലം തീര്‍ത്തു നല്‍കിയിട്ടില്ലത്രെ.

മോഹന്‍ലാലിനെ നായകനാക്കി മഹാസമുദ്രം എന്ന ചിത്രം നിര്‍മിക്കാനൊരുങ്ങുന്ന സുരേഷ്കുമാറിന് കഥയെ ചൊല്ലിയുള്ള വിവാദം തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. മഹാസമുദ്രം പ്രൊജക്ടിനെ ഈ വിവാദം പ്രതികൂലമായി ബാധിച്ചേക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X