ബ്ലെസ്സിയുടെ പളുങ്ക്
ബ്ലെസ്സിയുടെ പളുങ്ക്
സപ്തംബര്‍ 17, 2006
ഒരു ഇടവേളക്കു ശേഷം മമ്മൂട്ടിക്ക് കിട്ടിയ അഭിനയപ്രധാനമായ വേഷമായിരുന്നു കാഴ്ചയിലേത്. ആ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ബ്ലെസ്സി ചിത്രത്തിലൂടെ അഭിനയസാധ്യതയുള്ള മറ്റൊരു വേഷം കൂടി മമ്മൂട്ടിയെ തേടിയെത്തുകയാണ്.
പളുങ്ക് എന്നാണ് ബ്ലെസ്സി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാഴ്ച, തന്മാത്ര എന്നിവക്കു ശേഷം ബ്ലെസ്സിയുടെ മൂന്നാമത്തെ ചിത്രം. ബ്ലെസ്സിയുടെ മുന്‍ചിത്രങ്ങള്‍ പോലെ ജീവിതനൊമ്പരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പളുങ്ക്. ഇടുക്കിയിലെ മലയോരപ്രദേശത്ത് കഴിയുന്ന മധ്യവയസ്കനായ ഒരു കര്‍ഷകന്റെ വേഷമാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക്.
അഭിനയപ്രധാനമായ ഒരു കഥാപാത്രം പോലും മമ്മൂട്ടിക്ക് ഈ വര്‍ഷം ലഭിച്ചിട്ടില്ല. തുറുപ്പുഗുലാന്‍, ബല്‍റാം വേഴ്സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കാമ്പില്ലാത്ത കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കച്ചവട മസാലകളുടെ തനിയാവര്‍ത്തനങ്ങള്‍ക്കു ശേഷം തന്റെ അഭിനയപ്രതിഭയുടെ മാറ്റുരക്കുന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മൂന്നിന് പളുങ്കിന്റെ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായിട്ടായിരിക്കും പളുങ്ക് തിയേറ്ററുകളിലെത്തുക. കഴിഞ്ഞ ക്രിസ്മസിനാണ് ബ്ലെസ്സി മോഹന്‍ലാല്‍ ചിത്രം തന്മാത്ര പ്രദര്‍ശനത്തിനെത്തിച്ചത്.


Click it and Unblock the Notifications