»   » ലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നു

ലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നു
സപ്തംബര്‍ 18, 2004

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിന് ശേഷം ഒരു നീണ്ട ഇടവേള പിന്നിട്ട് മോഹന്‍ലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നു.

ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാല്‍ ചിത്രമായ മാമ്പഴക്കാലത്തിന് ശേഷം ഭദ്രന്‍-മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. മാമ്പഴക്കാലത്തിന് പുറമെ ഷൂട്ടിംഗ് തുടങ്ങിയ വടക്കുംനാഥന്‍ എന്ന ചിത്രവും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുണ്ട്.

സൗന്ദര്യപ്പിണക്കങ്ങള്‍ക്ക് അവധി കൊടുത്താണ് ഭദ്രനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. മോഹന്‍ലാലിന്റെ നിര്‍മാണക്കമ്പനി തന്നെ നിര്‍മിച്ച ഒളിമ്പ്യന്‍ അന്തോണി ആദത്തിന്റെ പരാജയത്തെ തുടര്‍ന്ന് ഇരുവരും അകന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി സ്വര്‍ണം എന്ന ചിത്രത്തിനായി ഭദ്രന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ആ ചിത്രം കഥാപാത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ദിലീപിനെ നായകനാക്കി ചെയ്യാന്‍ ഭദ്രന്‍ നീക്കം നടത്തിയത് ഇരുവരും കൂടുതല്‍ അകലാന്‍ കാരണമായി. ഇപ്പോള്‍ പിണക്കങ്ങള്‍ മറന്ന് ഈ ടീം വീണ്ടും ഒന്നിക്കുകയാണ്.

സൂപ്പര്‍ഹിറ്റ് ചിത്രമായ സ്ഫടികത്തിലെ ആടുതോമയെ പോലെ മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തിലുള്ള ശക്തമായ ഒരു കഥാപാത്രത്തെയാണ് പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനായി ഭദ്രന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഭദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

പാലയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും. ഭദ്രനെ സംബന്ധിച്ചിടത്തോളം കരിയറില്‍ ഏറെ നിര്‍ണായകസ്വഭാവമുള്ള ചിത്രമാണ് ഇത്. ഒളിമ്പ്യന്‍ അന്തോണി ആദം കഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ വെള്ളിത്തിരയും പരാജയമായിരുന്നു. അടുത്ത ചിത്രം വിജയമാക്കി ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഭദ്രന്‍.

സുനിത പ്രൊഡക്ഷനിന്റെ ബാനറില്‍ എം. മണിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാല്‍ ചിത്രമായ മാമ്പഴക്കാലത്തിന്റെ നിര്‍മാതാവും എം. മണിയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X