സിബി-ജയറാം ചിത്രം അമൃതം
സിബി-ജയറാം ചിത്രം അമൃതം
സപ്തംബര്‍ 19, 2004
ജയറാമിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് അമൃതം എന്ന് പേരിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണ്ണില്‍ തുടങ്ങി. ഒറ്റപ്പാലത്താണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
നയന്‍താരയാണ് അമൃതത്തിലെ നായിക. മനസ്സിനക്കരെയ്ക്ക് ശേഷം ജയറാമും നയന്‍താരയും നായികാനായകന്‍മാരാവുന്ന ചിത്രമാണിത്. ഫോര്‍ ദി പീപ്പിള്‍ ഫെയിം അരുണ്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയറാമിന്റെ സഹോദരനായാണ് അരുണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നയന്‍താര ജയറാമിന്റെ ഭാര്യയായും വേഷമിടുന്നു.
ഒരു ഇടവേളക്ക് ശേഷം അമൃതത്തിലൂടെ പഴയകാല വില്ലന്‍ നടന്‍ ടി. ജി. രവി സിനിമയില്‍ ഒരു തിരിച്ചുവരവ് നടത്തുകയാണ്. സിബി മലയിലിന്റെ തന്നെ സദയം ആണ് ടി. ജി. രവി ഒടുവിലായി പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രം.
ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, മാമുക്കോയ, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കെ. പി. എ. സി. ലളിത തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഗീരീഷ്കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം വേണുഗോപാല്‍. സലിം, തോമസ് കൊടുവേലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications