വീഴ്ച തുടങ്ങിയത് ബല്‍റാമില്‍; ഇനി പ്രതീക്ഷ പോത്തന്‍വാവയില്‍
വീഴ്ച തുടങ്ങിയത് ബല്‍റാമില്‍; ഇനി പ്രതീക്ഷ പോത്തന്‍വാവയില്‍
സപ്തംബര്‍ 20, 2006
തുടര്‍ച്ചയായി മമ്മൂട്ടിയുടെ മൂന്നു ചിത്രങ്ങളാണ് ബോക്സോഫീസില്‍ വീണത്. തുടര്‍ച്ചയായ വിജയക്കൊയ്ത്തിനു ശേഷം തിരിച്ചടിയായി പരാജയത്തിന്റെ ഹാട്രിക്. ഒരു തിരിച്ചുവരവിന് പോത്തന്‍വാവ വഴിയൊരുക്കുമോ? നീണ്ട ഇടവേളക്കു ശേഷം ജോഷിയുമായി ചേര്‍ന്നൊരുക്കുന്ന പോത്തന്‍വാവയിലാണ് ഇനി മമ്മൂട്ടിയുടെ പ്രതീക്ഷ.
ഈ വര്‍ഷം മമ്മൂട്ടിയുടേതായിറങ്ങിയ ആദ്യചിത്രം തുറുപ്പുഗുലാന്‍ വരെ മികച്ച വിജയങ്ങളുടെ തുടര്‍ച്ചയാണ് സൂപ്പര്‍താരം നല്‍കിപ്പോന്നത്. താരമൂല്യത്തില്‍ ഏറ്റവും ഉയരത്തില്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഈ വിജയത്തുടര്‍ച്ചക്ക് സാധിച്ചിരുന്നു. മറ്റൊരു സൂപ്പര്‍താരത്തിനും അവകാശപ്പെടാനില്ല ഗ്യാരന്റിയുമായാണ് മമ്മൂട്ടി ചിത്രങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇറങ്ങിയത്. 2005ലും 2006ലും മമ്മൂട്ടിയുടെ ഒരു ചിത്രവും നിര്‍മാതാവിന് നഷ്ടം വരുത്തിയില്ല. സൂപ്പര്‍ഹിറ്റുകളും ഹിറ്റുകളുമായി സൂപ്പര്‍താരത്തിന്റെ അശ്വമേധം.
എന്നാല്‍ ബല്‍റാം വേഴ്സസ് താരാദാസ് നിര്‍മാതാവിന് നഷ്ടം വരുത്തുകയും നിര്‍മാതാവ് തന്നെ പരസ്യമായി മമ്മൂട്ടിയെ വിമര്‍ശിക്കുകയും ചെയ്തതോടെ രംഗം മാറുകയായിരുന്നു. വന്‍ബജറ്റില്‍ നിര്‍മിച്ചെടുത്ത ബല്‍റാം വേഴ്സസ് താരാദാസിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായില്ല. ചിത്രം പരാജയപ്പെട്ടതോടെ ചിത്രത്തിന്റെ നിര്‍മാതാവും മമ്മൂട്ടിയുടെ അടുത്തയാളുമായ ലിബര്‍ട്ടി ബഷീര്‍ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും മമ്മൂട്ടിക്കാണെന്ന് ഒരു സിനിമാ പ്രസിദ്ധീകരണത്തിലൂടെ പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ അനാവശ്യമായ നിര്‍ദേശങ്ങളും നിര്‍ബന്ധങ്ങളുമാണ് ചിത്രത്തിന് ഇത്രയും വലിയ നിര്‍മാണച്ചെലവ് വരുത്തിവച്ചതെന്നും ഒരു സൂപ്പര്‍താരത്തിന്റെ പിടിവാശികള്‍ ഒന്നുകൊണ്ടു മാത്രം പരാജയപ്പെട്ട സിനിമയാണ് ബല്‍റാമെന്നും ബഷീര്‍ തുറന്നടിച്ചു.
അടുത്ത സുഹൃത്തായ നിര്‍മാതാവിന്റെ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ച ബല്‍റാമിന്റെ പരാജയത്തില്‍ നിന്ന് കരകയറാന്‍ മമ്മൂട്ടിക്കു സാധിച്ചില്ല. മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ മെഗാഹിറ്റായ രാജമാണിക്യത്തിന്റെ നിര്‍മാതാക്കള്‍ നിര്‍മിച്ച പ്രജാപതി വന്‍പരാജയമാണ് നേരിട്ടത്. രാജമാണിക്യം നിര്‍മാതാക്കള്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കികൊടുത്തെങ്കില്‍ പ്രജാപതി കോടികളുടെ നഷ്ടം വരുത്തിവച്ചു. സംവിധായകന്‍ രഞ്ജിത്തിനും ചിത്രത്തിന്റെ പരാജയം തിരിച്ചടിയായി.
കോമഡി പരിവേഷമുള്ള കഥാപാത്രങ്ങളുമായി മമ്മൂട്ടിയെത്തുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നതിനാല്‍ മറ്റൊരു വന്‍വിജയം ഉറപ്പെന്ന കണക്കുക്കൂട്ടലുമായാണ് ഭാര്‍ഗവചരിതം മുന്നാം ഖണ്ഡം ഓണത്തിനെത്തിയത്. തിരക്കഥ രചിക്കുന്നത് ചിരിയുടെ മര്‍മമറിയുന്ന ശ്രീനിവാസന്‍. സൂപ്പര്‍ഹിറ്റുമായി ഓണവിപണി മമ്മൂട്ടി കയ്യടക്കുമെന്ന പ്രതീക്ഷകളാണ് തലകുത്തനെ മറിഞ്ഞത്. പ്രേക്ഷകര്‍ ചിത്രത്തെ നിരാകരിച്ചു. ക്ലാസ്മേറ്റ്സ്, മഹാസമുദ്രം, ഡോണ്‍ എന്നീ ചിത്രങ്ങള്‍ക്കു താഴെയായി ബോക്സോഫീസ് പ്രകടനത്തിന്റെ കാര്യത്തില്‍ ചിത്രത്തിന്റെ സ്ഥാനം. നിര്‍മാതാവിന്റെ കൈപൊള്ളിച്ച മറ്റൊരു മമ്മൂട്ടി ചിത്രം കൂടി. ക്ലാസ്മേറ്റ്സ് പോലൊരു യുവതാരചിത്രം സൂപ്പര്‍ഹിറ്റായി ഓടുമ്പോഴാണ് കഴിഞ്ഞ രണ്ടു വര്‍ഷവും ഓണത്തിന് വിജയം കൊയ്ത മമ്മൂട്ടിക്ക് ഇത്തവണ തിരിച്ചടി നേരിടേണ്ടിവന്നത്.
മമ്മൂട്ടിയുടെ പ്രതീക്ഷ ഇനി ജോഷി ചിത്രം പോത്തന്‍വാവയിലാണ്. ആക്ഷനും കോമഡിയും സമിശ്രമായുള്ള പോത്തന്‍വാവ രാജമാണിക്യവും തുറുപ്പുഗുലാനും പോലെ വിജയം കൊയ്യുമെന്നാണ് മമ്മൂട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം തൊമ്മനും മക്കളും എന്ന മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ ബെന്നി പി.നായരമ്പലമാണ് പോത്തന്‍വാവയുടെ രചയിതാവ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ പ്രതീക്ഷകളേറുന്നു.


Click it and Unblock the Notifications