കാമ്പസ് കഥ പറയുന്ന കമലിന്റെ നമ്മള്‍
കാമ്പസ് കഥ പറയുന്ന കമലിന്റെ നമ്മള്‍
സപ്തംബര്‍ 21, 2002
നിറത്തിലൂടെ കാമ്പസ് സൗഹൃദത്തിന്റെ കഥ പറഞ്ഞ് സൂപ്പര്‍ഹിറ്റ് സൃഷ്ടിച്ച കമല്‍ വീണ്ടും കാമ്പസ് പശ്ചാത്തലത്തില്‍ ചിത്രമൊരുക്കുന്നു. ഗ്രാമഫോണിന് ശേഷം കമല്‍ ഒരുക്കുന്ന നമ്മള്‍ എന്ന ചിത്രത്തില്‍ കാമ്പസിലെ പ്രണയവും സംഘര്‍ഷവുമെല്ലാം ഇതിവൃത്തമാവുന്നുണ്ട്.
അന്തരിച്ച സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി. ലളിതയുടെയും മകന്‍ സിദ്ധാര്‍ഥും നടന്‍ രാഘവന്റെ മകന്‍ ജിഷ്ണുവും നായകരാവുന്ന ചിത്രത്തില്‍ രേണുകാ മേനോനാണ് നായിക. മായാമോഹിതചന്ദ്രനിലൂടെ അരങ്ങേറ്റം നടത്തിയ രേണുകയുടെ രണ്ടാമത്തെ ചിത്രമാണിത്.
ഉറ്റ സുഹൃത്തുക്കളായ ശ്യാമിന്റെയും ശിവന്റെയും അവരുടെയിടയിലേക്ക് കടന്നുവരുന്ന അപര്‍ണ എന്ന പെണ്‍കുട്ടിയുടെയും കഥയാണ് നമ്മള്‍ പറയുന്നത്. ശ്യാമിന്റെയും ശിവന്റെയും ശത്രുവാണ് റെജി. കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശ്യാം-ശിവന്‍ ഗ്രൂപ്പുമായി സംഘര്‍ഷത്തിലാണ് റെജിയുടെ ഗ്രൂപ്പ്. കാമ്പസില്‍ പുതുതായി വന്ന അപര്‍ണയുടെ അഹങ്കാരത്തിന് ഇടയ്ക്കൊക്കെ ശ്യാം-ശിവന്‍ സംഘം ചികിത്സ നല്‍കി. അപ്പോഴാണ് റെജി ഗ്രൂപ്പ് അപര്‍ണയുടെ സഹായത്തിനെത്തുന്നത്. ഇരുഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷം അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് നയിച്ചത്.
തൃശൂര്‍ എഞ്ചിനീയറിംഗ് കോളെജിലാണ് കാമ്പസ് ചിത്രീകരണം നടക്കുന്നത്. ശ്യാമിനെ സിദ്ധാര്‍ഥും ശിവനെ ജിഷ്ണുവും അപര്‍ണയെ രേണുകയും അവതരിപ്പിക്കുന്നു.
സുഹാസിനി, ശില്പ, കാര്‍ത്തിക എന്നിവര്‍ ചിത്രത്തില്‍ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്നസെന്റ്, മച്ചാന്‍ വര്‍ഗീസ്, ശ്രീകുമാര്‍, സാലു കൂറ്റനാട്, വിജീഷ്, ശ്രീകുമാര്‍, പ്രശാന്ത്, ശ്രീദേവി പണിക്കര്‍ എന്നിവരും അഭിനയിക്കുന്നു.
ബാലമുരളീകൃഷ്ണയുടേതാണ് കഥ. ഇഷ്ടത്തിലൂടെ ശ്രദ്ധേയനായ കലവൂര്‍ രവികുമാറാണ് കഥയും തിരക്കഥയും രചിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.
ചിങ്കു അച്ചു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്വര്‍ഗചിത്ര തിയേറ്ററുകളിലെത്തിക്കുന്നു.


Click it and Unblock the Notifications