»   » ശോഭനയ്ക്ക് ഇത് മൂന്നാം വരവ്

ശോഭനയ്ക്ക് ഇത് മൂന്നാം വരവ്

Posted By:
Subscribe to Filmibeat Malayalam

ശോഭനയ്ക്ക് ഇത് മൂന്നാം വരവ്
സപ്തംബര്‍ 21, 2004

മോഹന്‍ലാല്‍ നായകനാവുന്ന മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തുന്ന ശോഭനക്ക് ഇത് മൂന്നാം വരവാണ്. ചിത്രം വിജയമായാല്‍ ശോഭനയ്ക്ക് ഒരിക്കല്‍ കൂടി മലയാളത്തില്‍ തിരക്കേറും.

ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കമിട്ട ശോഭന കൗമാരനായികയെന്ന നിലയില്‍ നിന്നും വളര്‍ന്നത് വളരെ പെട്ടെന്നാണ്. വെള്ളാനകളുടെ നാട്, ടി. പി. ബാലഗോപാലന്‍ എംഎ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ഒന്നാം നിര നായികയായി ശോഭന സജീവമായി. ഇടക്കാലത്ത് ശോഭന മലയാളത്തില്‍ നിന്നും വിട്ടുനിന്നു.

രാജസേനന്റെ മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ആ ചിത്രം വിജയമായതോടെ ശോഭനക്ക് മലയാളത്തില്‍ തിരക്കിന്റെ രണ്ടാം ഘട്ടമായി. ശോഭന മലയാളത്തില്‍ ഏറ്റവും സജീവമാവുന്നതും ഈ രണ്ടാം വരവിലാണ്. മണിച്ചിത്രത്താഴിലെ ഗംഗയെ അവതരിപ്പിച്ചതിന് ദേശീയ അവാര്‍ഡ് നേടിയ ശോഭന തേന്‍മാവിന്‍ കൊമ്പത്ത്, പവിത്രം, പക്ഷേ തുടങ്ങിയ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചു.

ശ്രദ്ധ, വല്യേട്ടന്‍ തുടങ്ങിയവയാണ് ശോഭന ഒടുവില്‍ നായികയായി അഭിനയിച്ച മലയാളചിത്രങ്ങള്‍. കൗമാരനായികമാര്‍ സജീവമായപ്പോള്‍ തനിക്ക് ചേര്‍ന്ന വേഷങ്ങള്‍ ലഭിക്കാതെ പോന്നതിനാല്‍ ശോഭന ഇടക്കാലത്ത് മലയാളത്തില്‍ നിന്നും വീണ്ടും വിട്ടുനിന്നു.

മോഹന്‍ലാലിന്റെ നായികയായാണ് ശോഭന ഇപ്പോള്‍ വീണ്ടും തിരിച്ചുവരവ് നടത്തുന്നത്. നടന്‍മാരില്‍ മോഹന്‍ലാലിനോടൊപ്പമാണ് ശോഭന കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. ഇപ്പോള്‍ ലാലിന്റെ നായികയായാണ് മൂന്നാം വരവും.

കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് മാമ്പഴക്കാലം പറയുന്നത്. ശോഭന അവതരിപ്പിക്കുന്ന ഇന്ദിര എന്ന കഥാപാത്രം ഏറെ അഭിനയസാധ്യതയുള്ളതാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X