»   » ഓണസിനിമകള്‍ വിജയക്കുതിപ്പില്‍

ഓണസിനിമകള്‍ വിജയക്കുതിപ്പില്‍

Posted By:
Subscribe to Filmibeat Malayalam

ഓണസിനിമകള്‍ വിജയക്കുതിപ്പില്‍
സപ്തംബര്‍ 21, 2005

ഓണത്തിനെത്തിയ സിനിമകള്‍ മിക്കതും വിജയം നേടുന്നത് മലയാള സിനിമാ വ്യവസായത്തിന് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. ഓണച്ചിത്രങ്ങളില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ വിജയം നേടുന്ന പതിവ് തെറ്റിച്ച് ഇത്തവണ ഓണത്തിനെത്തിയ എല്ലാ ചിത്രങ്ങളും മികച്ച ബോക്സോഫീസ് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം കാഴ്ചയ്ക്കും 2003ല്‍ ബാലേട്ടനും മാത്രമാണ് ഓണവിപണിയില്‍ സൂപ്പര്‍ഹിറ്റുകളാവാന്‍ കഴിഞ്ഞതെങ്കില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മൂന്ന് ഓണച്ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണെന്നാണ് അവയുടെ കളക്ഷന്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഉദയനാണ് താരം, അച്ചുവിന്റെ അമ്മ, തൊമ്മനും മക്കളും എന്നീ ചിത്രങ്ങള്‍ നേടിയ ഉജ്വലവിജയം മലയാള സിനിമാ വ്യവസായത്തിന് നവോന്മേഷം പകര്‍ന്നെങ്കിലും വിഷുവിനെത്തിയ ചിത്രങ്ങളൊന്നും വന്‍വിജയം നേടിയിരുന്നില്ല. എന്നാല്‍ ഓണച്ചിത്രങ്ങളുടെ മികച്ച ബോക്സോഫീസ് പ്രകടനം വീണ്ടും മലയാള സിനിമക്ക് പുത്തനുണര്‍വ് നല്‍കുകയാണ്.

ഓണത്തിന് ഒന്നര മാസം മുമ്പ് തിയേറ്ററുകളിലെത്തിയ ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന സൂപ്പര്‍ഹിറ്റിനു പിന്നാലെയാണ് ഓണം സിനിമകളും വന്‍വിജയം നേടുന്നത്. ദിലീപിന്റെ ചാന്തുപൊട്ടാണ് ഓണച്ചിത്രമെന്ന നിലയില്‍ ആദ്യമെത്തിയത്. ഓണത്തിന് രണ്ടാഴ്ചയ്ക്കു മുമ്പ് റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് ബോക്സോഫീസ് മുന്നേറ്റം തുടരുകയാണ്.നപുംസകവേഷത്തില്‍ ദിലീപിന്റെ വേറിട്ട അഭിനയമാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. സ്ത്രീപ്രേക്ഷകരാണ് ചിത്രത്തിന് കൂടുതലായുമെത്തുന്നത്. ഓണച്ചിത്രങ്ങളില്‍ കുടുംബപ്രേക്ഷകരുടെ സിനിമയായി മാറാന്‍ ഇതിലൂടെ ചാന്തുപൊട്ടിന് കഴിഞ്ഞു.

മോഹന്‍ലാല്‍ നായകനായ നരന്‍ വന്‍വിജയമാണ് നേടുന്നത്. റിലീസ് ചെയ്ത മിക്കവാറും എല്ലാ കേന്ദ്രങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. നരനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ മോഹന്‍ലാലിന്റെ ചിത്രത്തിലെഅഭിനയം പ്രശംസനീയമാണ്. മോഹന്‍ലാലിന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രമാണ് നരന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഉദയനാണ് താരത്തിനു ശേഷം മോഹന്‍ലാലിന് ഈ വര്‍ഷം ലഭിക്കുന്ന സൂപ്പര്‍ഹിറ്റാണ് നരന്‍.

സിബിഐ പരമ്പരയിലെ രണ്ടും മൂന്നും ഭാഗങ്ങളേക്കാള്‍ മികച്ചുനില്‍ക്കുന്നുവെന്ന പേരെടുക്കാന്‍ കഴിഞ്ഞ നേരറിയാന്‍ സിബിഐയാണ് ഓണവിപണിയില്‍ കൊയ്ത്ത് തുടരുന്ന മൂന്നാമത്തെ ചിത്രം. സസ്പെന്‍സ് നിലനിര്‍ത്തുന്നതിലെ വിജയവും കുറ്റാന്വേഷണ സിനിമകളുടെ ശൈലിയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതും മമ്മൂട്ടി വീണ്ടും സിബിഐ ഓഫീസര്‍ സേതുരാമയ്യരായെത്തുന്ന ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. മികച്ച സസ്പെന്‍സ് ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ശരാശരിക്ക് മുകളില്‍ മാര്‍ക്ക് നല്‍കിയിരിക്കുന്ന ഈ ചിത്രം സൂപ്പര്‍വിജയത്തിലേക്കാണ് നീങ്ങുന്നത്.

നാലാമത്തെ ഓണച്ചിത്രം തിരുവോണനാളിലെത്തിയ കലാഭവന്‍ മണി നായകനായ ലോകനാഥന്‍ ഐപിഎസ് ആണ്. സൂപ്പര്‍താരചിത്രങ്ങളുമായി മത്സരിച്ച് വന്‍വിജയം നേടുക ഈ ചിത്രത്തിന്റെ ലക്ഷ്യമല്ലെങ്കിലും കലാഭവന്‍ മണിയുടെ മാനറിസങ്ങള്‍ ചൂഷണം ചെയ്യുന്ന ചിത്രം ഭേദപ്പെട്ട കളക്ഷനോടെയാണ് പ്രദര്‍ശിപ്പിച്ചുവരുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X